പിലിഭിത്ത്: യോഗി ആതിദ്യനാഥ് മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ഉത്തര്‍പ്രദേശ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസുകള്‍ക്കും, സംസ്ഥാന സെക്രട്ടേറിയറ്റിനുമെല്ലാം കാവി നിറം അടിച്ചിരുന്നു. ഇത് ദേശീയതലത്തില്‍ വലിയ വാര്‍ത്തയാവുകയും ചെയ്തു. എന്തായാലും കാവിയടിക്കല്‍ ബസിലും സെക്രട്ടേറിയറ്റിലുമൊന്നും തീരില്ലെന്നാണ് പുതിയ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. 

ഉത്തര്‍പ്രദേശിലെ പിലിഭിത്തിലുള്ള നാല് സ്‌കൂളുകളാണ് ഏറ്റവും ഒടുവില്‍ കാവിയില്‍ മുങ്ങിയിരിക്കുന്നത്. സ്‌കൂളുകള്‍ സ്ഥിതി ചെയ്യുന്ന ഗ്രാമപഞ്ചായത്തിന്റെ നിര്‍ദേശപ്രകാരമാണ് കാവി നിറം അടിച്ചതെന്നാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം. 

സ്‌കൂളുകളുടെ വികസനകാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള യോഗത്തിലാണ് കാവിനിറം അടിക്കാനുള്ള തീരുമാനമെടുത്തതെന്നാണ് സ്‌കൂളധികൃതര്‍ പറയുന്നത്. യോഗത്തില്‍ അധ്യക്ഷനായെത്തിയ ഗ്രാമപ്രധാന്‍ (ഗ്രാമമുഖ്യന്‍) ആണ്് ഈ നിര്‍ദേശം മുന്നോട്ട് വച്ചത്. രക്ഷകര്‍ത്താകളെ ആകര്‍ഷിച്ചു കൂടുതല്‍ കുട്ടികളെ സ്‌കൂളിലേക്ക് കൊണ്ടു വരാന്‍ കാവി നിറം അടിക്കണമെന്നായിരുന്നു ഇയാളുടെ നിര്‍ദേശം. 

സ്‌കൂളുകള്‍ കൂടുതല്‍ വൃത്തിയാക്കാനും, ആകര്‍ഷകമാക്കാനും ലക്ഷ്യമിട്ടായിരുന്നു യോഗമെങ്കിലും ഗ്രാമസഭാ അധികൃതര്‍ അതില്‍ രാഷ്ട്രീയം കലര്‍ത്തുകയായിരുന്നുവെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം. എന്തായാലും സംഭവം ശ്രദ്ധയില്‍പ്പെട്ട പിലിഭിത്ത് ജില്ലാ കളക്ടര്‍ ശീതള്‍ വര്‍മ രാഷ്ട്രീയപാര്‍ട്ടികളുമായി ബന്ധപ്പെട്ട നിറം സ്‌കൂളുകള്‍ക്ക് നല്‍കാന്‍ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടി കെട്ടിട്ടങ്ങള്‍ വെള്ളനിറത്തിലാക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്.