തിരുവനന്തപുരം: പ്രമുഖ നടനും സംവിധായകനുമായ കമല്‍ഹാസനുമായി ദക്ഷിണേന്ത്യയിലേയും പ്രധാനമായും തമിഴ്‌നാട്ടിലെയും രാഷ്ട്രീയ കാര്യങ്ങള്‍ ചര്‍ച്ച നടത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍.

ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ച കുറിപ്പിലാണ് പിണറായി ഇക്കാര്യം വ്യക്തമാക്കിയത്. കമല്‍ഹാസനുമായി നല്ല സൗഹൃദമുണ്ടെന്നും തിരുവനന്തപുരത്ത് വരുമ്പോഴെല്ലാം കാണാറുണ്ടെന്നും മുഖ്യമന്ത്രിയുട കുറിപ്പില്‍ പറയുന്നു. 

സംഭാഷണത്തില്‍ രാഷ്ടീയവും കടന്നുവന്നതായാണ് പിണറായി പറഞ്ഞത്. കമല്‍ഹാസന്‍ ഇക്കാര്യം നേരത്തെ പറഞ്ഞിരുന്നു. തമിഴ്‌നാട് രാഷ്ട്രീയത്തില്‍ പ്രതിസന്ധികള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇരുവരുടെയും കൂടിക്കാഴ്ച ഏറെ പ്രാധാന്യമര്‍ഹിക്കുന്നതായാണ് രാഷ്ട്രീയ നിരീക്ഷകര്‍ കണക്കു കൂട്ടുന്നത്. പിണറായി സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് താന്‍ ഇവിടെ എത്തിയതെന്നും പിണറായിയുടെ അനുഭവ സമ്പത്തില്‍ നിന്ന് ചിലത് പഠിക്കാനുണ്ടെന്നുമായിരുന്നു കമല്‍ഹാസന്‍ സന്ദര്‍ശന ശേഷം പ്രതികരിച്ചത്.

പിണറായിയുടെ ഫേസ്ബുക്ക് പോസ്റ്റ്

വിഖ്യാത നടനും സംവിധായകനുമായ കമല്‍ഹാസനുമായി കൂടിക്കാഴ്ച നടത്തി. അദ്ദേഹവുമായി നല്ല സൗഹൃദമുണ്ട്. തിരുവനന്തപുരത്ത് വരുമ്പോഴൊക്കെ കാണാറുണ്ട്. മുഖ്യമന്ത്രിയായ ശേഷം ആദ്യമായിട്ടാണ് ഞങ്ങള്‍ കാണുന്നത്. തികച്ചും സൗഹൃദ സന്ദര്‍ശനമായിരുന്നുവെങ്കിലും സംഭാഷണത്തില്‍ രാഷ്ട്രീയവും കടന്നുവന്നു. പൊതുവില്‍ ദക്ഷിണേന്ത്യയിലെയും പ്രത്യേകിച്ച് തമിഴ്‌നാട്ടിലെയും രാഷ്ട്രീയ കാര്യങ്ങളാണ് സംസാരിച്ചത്. ക്ലിഫ് ഹൗസിലായിരുന്നു കൂടിക്കാഴ്ച.