കോടതി രാജ്യത്തിന്‍റേതാണെന്ന് അഭിഭാഷകര്‍ ഓര്‍മ്മിക്കണം. അഥവാ ജുഡീഷ്യറിക്കും ജഡ്ജിമാര്‍ക്കും മാത്രമുള്ള അവകാശം അഭിഭാഷകര്‍ എടുത്തണിയേണ്ടതില്ല. കോടതിയില്‍ പത്രപ്രവര്‍ത്തകര്‍ കടക്കരുതെന്ന് പറയുന്നത് പത്രസ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റമാണ്. ഇനിയും അതിരുവിട്ടു പെരുമാറി നിയമം ലംഘിച്ചാല്‍ സര്‍ക്കാരിനു നോക്കി നില്‍ക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മാധ്യമവിലക്കിനെതിരെ സർക്കാരുണ്ടാക്കിയ ധാരണ പൊളിക്കാൻ ശ്രമം നടക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രശ്നം ഉയര്‍ന്നു വന്ന ഉടനെ മുഖ്യമന്ത്രി എന്ന നിലയില്‍ ഇടപെട്ടിരുന്നു. പ്രത്യേകം പ്രത്യേകം ചര്‍ച്ച ചെയ്തു. പൊതുവായ ധാരണയുണ്ടാക്കി. അഡ്വക്കേറ്റ് ജനറലിന്‍റെ നേതൃത്വത്തില്‍ ഇരുവിഭാഗത്തെയും ഉള്‍പ്പെടുത്തി കമ്മിറ്റിയുണ്ടാക്കി. ഹൈക്കോടതിയുടെ അധികാര പരിധിയില്‍ ഇടപെടാന്‍ സര്‍ക്കാരിനു പരിമിതിയുണ്ടായിരുന്നതിനാലായിരുന്നു ഈ ശ്രമങ്ങള്‍.

എന്നാല്‍ സര്‍ക്കാരുണ്ടാക്കിയ ഈ ധാരണ പൊളിക്കാനാണ് ചിലരുടെ ശ്രമം. അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും ഇതിന്‍റെ ഉപകരണങ്ങളാകുന്നു. മാധ്യമ പ്രവര്‍ത്തകര്‍ക്ക് നിര്‍ഭയമായി കോടതിയില്‍ പോകാന്‍ കഴിയുന്നില്ല. സ്ഥാപിത താത്പര്യക്കാരെ ഒറ്റപ്പെടുത്തണം. പ്രശ്നങ്ങൾ നീണ്ടുപോകാൻ അനുവദിക്കരുത് . അഭിഭാഷകരും മാധ്യമപ്രവ‍ർത്തകരും തമ്മിലടിക്കേണ്ടവരല്ല . ചീഫ് ജസ്റ്റീസുമായുണ്ടാക്കിയ ധാരണ പൊളിക്കാന്‍ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തണം.

വര്‍ഗ്ഗീയ ശക്തികളുടെ ഉപകരണമാവാന്‍ നിന്നുകൊടുക്കില്ലെന്ന നിശ്ചദാര്‍ഢ്യം മാധ്യമപ്രവര്‍ത്തകര്‍ക്കുണ്ടാകണമെന്നും മതനിരപേക്ഷതയും ജനാധിപത്യവും ഉള്‍പ്പെടെയുള്ള മറ്റെല്ലാ സ്വാതന്ത്ര്യങ്ങളും നിലനിന്നാല്‍ മാത്രമേ മാധ്യമസ്വാതന്ത്ര്യത്തിനും നിലനില്‍പ്പുള്ളുവെന്നും പിണറായി പറഞ്ഞു.