കൊച്ചി: സര്‍ക്കാര്‍ ഡോക്ടര്‍മാരും സ്വകാര്യ ലാബുകാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചി മെഡിക്കല്‍ കോളേജില്‍ മാതൃശിശു കേന്ദ്രം ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. കോളേജിലെ ബിരുദ ദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ആരോഗ്യമേഖലയില്‍ നിലനില്‍ക്കുന്ന അനാരോഗ്യകരമായ പ്രവണതകള്‍ക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. മിക്ക വന്‍കിട ആശുപത്രികളും രോഗികളെ കൊള്ളയടിക്കുകയാണ്. ഇതേക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്കാന്‍ ആരോഗ്യവകുപ്പിന് നിര്‍ദ്ദേശം നല്‍കിയതായി മുഖ്യമന്ത്രി പറഞ്ഞു

കൊച്ചി മെഡിക്കല്‍ കേളേജില്‍ താമസിയാതെ മാതൃശിശു കേന്ദ്രം ആരംഭിക്കും. പൂര്‍ണതോതിലുള്ള സര്‍ക്കാര്‍ കോളേജാക്കി മാറ്റുന്ന നടപടികള്‍ വേഗത്തിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് മുഖമന്ത്രി ബിരുദം സമ്മാനിച്ചു. ആരോഗ്യസര്‍വകലാശാല വൈസ് ചാന്‍സലര്‍ എംകെസി നായര്‍ , സിനിമാ താരം മമ്മൂട്ടി, എം പിമാര്‍ , എംഎല്‍എമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.