
തിരുവനന്തപുരം: പിണറായി വിജയനെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനം സിപിഎം ഓദ്യോഗികമായി പ്രഖ്യാപിച്ചതോടെ മന്ത്രിമാരെ സംബന്ധിച്ച ചർച്ചകൾ മുന്നണിയില്‍ സജീവമായി.സിപിഎമ്മിൽ നിന്നും സിപിഐയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട മുതിർന്ന നേതാക്കൾക്ക് മന്ത്രി സ്ഥാനം ലഭിക്കുമെന്ന കാര്യം ഉറപ്പാണ്.
വി.എസ്.അച്യുതാനന്ദന്‍ മന്ത്രിസഭയിൽ അംഗങ്ങളായിരുന്ന തോമസ് ഐസക്ക്, എസ്.ശർമ്മ, ജി.സുധാകരൻ, എകെ ബാലൻ എന്നിവർക്ക് ഇക്കുറിയും മന്ത്രി സ്ഥാനം ഉറപ്പാണ്. ഇ.പി.ജയരാജൻ, കടകംപള്ളി സുരേന്ദ്രൻ, സി.എൻ.രവീന്ദ്രനാഥ്, എം.എം. മണി, ടി.പി.രാമകൃഷ്ണൻ, സുരേഷ് കുറുപ്പ്, കെ.ടി.ജലീൽ, വി.കെ.സി. മമ്മദ് കോയ എന്നിവരാണ് സിപിഎമ്മിൽ നിന്ന് മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മറ്റുള്ളവർ. വനിതാനിരയിൽ നിന്ന് കെ.കെ.ഷൈലജ, ഐഷ പോറ്റി, ജെ.മെഴ്സിക്കുട്ടിയമ്മ എന്നിവരുടെ പേരുകളും ഉയർന്നു കേൾക്കുന്നു.
യുവ നിരയിൽ നിന്ന് എം.സ്വരാജിനെയാണ് മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്നറിയുന്നു. സിപിഐയിൽ നിന്ന് ഇ.ചന്ദ്രശേഖരൻ, വി.എസ്. സുനിൽകുമാർ, ഇ.എസ്.ബിജിമോൾ, മുല്ലക്കര രത്നാകരൻ, സി.ദിവാകരൻ എന്നിവരുടെ പേരുകളാണ് പരിഗണനാ പട്ടികയിൽ മുന്നിൽ.
ജെഡിഎസിൽ മാത്യുടി.തോമസിനാണ് മുൻഗണന. എൻസിപിയിൽ നിന്ന് എ.കെ.ശശീന്ദ്രനോ തോമസ് ചാണ്ടിയ്ക്കോ ആകും സാധ്യത. ഗണേശ് കുമാറിന്റേതടക്കം ഒറ്റ എംഎൽഎമാരുള്ള ചെറു പാർട്ടികളും മന്ത്രി സ്ഥാനത്തിനായി അവകാശവാദമുന്നയിച്ചേക്കും. മന്ത്രിമാരുടെ കാര്യത്തിൽ മറ്റന്നാളോടെ അന്തിമതീരുമാനമുണ്ടായേക്കുമെന്നാണ് സൂചന.
