അടുത്തകാലത്തായി, കേരളത്തെ പിടിച്ചുകുലുക്കിയ ജിഷാ വധക്കേസുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കാണ് ആദ്യ മന്ത്രിസഭായോഗം മുന്‍ഗണന നല്‍കിയത്. എഡിജിപി സന്ധ്യയുടെ നേതൃത്വത്തില്‍ പുതിയ സംഘത്തെയാണ് കേസന്വേഷണം ഏല്‍പ്പിച്ചത്. കൂടാതെ ജിഷയുടെ വീടുപണി ഒന്നര മാസത്തിനകം പൂര്‍ത്തിയാക്കാനും ജിഷയുടെ സഹോദരിക്ക് ജോലി നല്‍കാനുള്ള നടപടി എത്രയും വേഗം കൈക്കൊള്ളണമെന്നും തീരുമാനിച്ചിട്ടുണ്ട്. ഈ രണ്ടു കാര്യങ്ങളും പ്രഖ്യാപിക്കുമ്പോള്‍ മുഖ്യമന്ത്രി ഊന്നിപ്പറഞ്ഞ ഒരു കാര്യമുണ്ട്. ഈ തീരുമാനങ്ങള്‍ നേരത്തെ കൈക്കൊണ്ടെങ്കിലും നടപടി ഒന്നുമായില്ല എന്നതായിരുന്നു പിണറായി ചൂണ്ടിക്കാട്ടിയത്. ഇത് ഒരര്‍ത്ഥത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനുള്ള ഒരു കുത്തായി വ്യാഖ്യാനിക്കാവുന്നതാണ്. ഒപ്പം മറ്റു വീടുകളില്‍ പോയി ജോലി ചെയ്യുന്ന ജിഷയുടെ അമ്മയ്‌ക്ക്, ആ സാഹചര്യം ഒഴിവാക്കുന്നതിനായി പ്രതിമാസം 5000 രൂപ പെന്‍ഷന്‍ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.
നിലവിലുള്ള നിയമനനിരോധനം നീക്കാനുള്ള തീരുമാനമാണ് ഏറെ പ്രാധാന്യമര്‍ഹിക്കുന്ന മറ്റൊന്ന്. ഏല്ലാ വകുപ്പുകളിലെയും ഒഴിവുകള്‍ പത്തുദിവസത്തിനകം റിപ്പോര്‍ട്ട് ചെയ്യാനാണ് മന്ത്രിസഭ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പ്രക്രിയ നിരീക്ഷിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അതും ഓരോ ദിവസവും ഇക്കാര്യം നിരീക്ഷിക്കണമെന്നാണ് ചീഫ് സെക്രട്ടറിയോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. നിയനമവുമായി ബന്ധപ്പെട്ട പ്രായോഗിക പ്രശ്‌നങ്ങള്‍ പി എസ് സിയുമായി ചര്‍ച്ച ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. ഡിവൈഎഫ്ഐ ഉള്‍പ്പടെയുള്ള യുവജനസംഘടനകള്‍ ഏറെക്കാലമായി ഉന്നയിക്കുന്ന നിയമനനിരോധനം എന്ന വിഷയത്തില്‍ പ്രതീക്ഷയുളവാക്കുന്ന പ്രഖ്യാപനമാണ് മുഖ്യമന്ത്രി നടത്തിയത്.
വിലക്കയറ്റം നിയന്ത്രിക്കുന്നതിനുള്ള അടിയന്തര നടപടികളാണ് മറ്റൊരു ശ്രദ്ധേയമായ പ്രഖ്യാപനം. ഇതിനായി പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്തും. വിലക്കയറ്റം നിയന്ത്രിക്കാന്‍ അനുവദിച്ച തുക ഇരട്ടിയാക്കും. ആവശ്യമെങ്കില്‍ കൂടുതല്‍ തുക അനുവദിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ശ്രദ്ധേയമായ മറ്റൊരു കാര്യം സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ നവീകരിക്കുമെന്ന തീരുമാനമാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സിവില്‍ സപ്ലൈസ് വകുപ്പിനെക്കുറിച്ച് ഏറെ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ സമഗ്രമായ അഴിച്ചുപണിയുടെ സൂചനയാണ് മുഖ്യമന്ത്രി നല്‍കുന്നത്. സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ സാധനങ്ങള്‍ വാങ്ങുന്നതിലും അത് ലഭ്യമാക്കുന്നതിലുമുള്ള കെടുകാര്യസ്ഥതകള്‍ ഒഴിവാക്കുന്നതിനുള്ള നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് സമയത്ത് ഇടതുപക്ഷം ഉന്നയിച്ച മറ്റു ചില ജനകീയ വിഷയങ്ങളിലും ആദ്യ മന്ത്രിസഭായോഗം തീരുമാനമെടുത്തു. ക്ഷേമ പെന്‍ഷന്‍ 1000 രൂപയായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ക്ഷേമ പെന്‍ഷന്‍ കുടിശികകള്‍ ഉടനടി കൊടുത്തു തീര്‍ക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ക്ഷേമ പെന്‍ഷനുകള്‍ വീടുകളിലെത്തിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനായി ഏതു മാര്‍ഗം സ്വീകരിക്കണമെന്ന കാര്യം നിര്‍ദ്ദേശിക്കാന്‍ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ ക്ഷേമ പെന്‍ഷനുകള്‍ വാങ്ങുന്നതിന് പോസ്റ്റോഫീസുകളില്‍ പോയി കാത്തുകെട്ടി കിടക്കേണ്ട അവസ്ഥ പ്രായമായവരെ ഏറെ വലയ്‌ക്കുന്നുണ്ട്.
കേന്ദ്രസര്‍ക്കാര്‍ ഉപേക്ഷിച്ച പഞ്ചവല്‍സര പദ്ധതി കേരള സര്‍ക്കാര്‍ നടപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഇത് സര്‍ക്കാര്‍ തലത്തില്‍ മാത്രമല്ല, തദ്ദേശ സ്ഥാപനങ്ങളുടെ തലത്തിലും നടപ്പാക്കാനാണ് മന്ത്രിസഭ ഉദ്ദേശിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ പ്ലാനിങ് ബോര്‍ഡ് വേണ്ടെന്ന് വെച്ചെങ്കിലും, കേരള സര്‍ക്കാര്‍ ആ നിലപാട് സ്വീകരിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
മഴക്കാല പൂര്‍വ്വ ശുചീകരണം ഫലപ്രദമായി നടപ്പാക്കുന്നതിന് ആവശ്യമായ നടപടികള്‍ പ്രഖ്യാപിക്കുമ്പോഴും, അത് വൈകിപ്പോയ കാര്യം മുഖ്യമന്ത്രി പ്രത്യേകം ചൂണ്ടിക്കാണിക്കുകയും ചെയ്‌തു. ഇതുമായി ബന്ധപ്പെട്ട് 27ന് രാവിലെ ബന്ധപ്പെട്ട എല്ലാ വകുപ്പുകളുടെയും സംയുക്ത യോഗം തിരുവനന്തപുരത്ത് ചേരും.
സംസ്ഥാനത്ത് ജനുവരി ഒന്നു മുതല്‍ സര്‍ക്കാര്‍ എടുത്തിട്ടുള്ള വിവാദ തീരുമാനങ്ങളില്‍ നിയമവിരുദ്ധമായവ പരിശോധിക്കുന്നതിനായി ഒരു മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചതും പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ അവസാന കാലത്ത് തിടുക്കത്തില്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ ഇടതുപക്ഷം പ്രധാന തെരഞ്ഞെടുപ്പ് വിഷയമാക്കിയിരുന്നു.
മന്ത്രിമാര്‍ക്ക് സ്വീകരണം നല്‍കുമ്പോള്‍ കുട്ടികളെ നിര്‍ത്തുന്നതും സ്‌ത്രീകളെക്കൊണ്ട് താലിപ്പൊലി എടുപ്പിക്കുകയും ചെയ്യുന്ന അവസ്ഥ ഒഴിവാക്കപ്പെടണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്. മുന്‍കാലങ്ങളില്‍ പല സ്ഥലങ്ങളിലും മന്ത്രിമാര്‍ എത്താന്‍ വൈകുന്നതുമൂലം കുട്ടികളും സ്‌ത്രീകളും ഏറെ വലയുന്ന അവസ്ഥ ഉണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ തീരുമാനത്തിന് കക്ഷിഭേദമന്യേ തന്നെ ഏറെ സ്വീകാര്യത ലഭിക്കുന്നതാണ്.
പൊതുവെ ഏതൊരു സര്‍ക്കാരിന്റെയും ആദ്യ മന്ത്രിസഭാ യോഗം ജനപ്രിയ തീരുമാനങ്ങള്‍ ഉണ്ടാകാറുണ്ട്. പ്രായോഗികതയില്‍ നിന്നുകൊണ്ടുള്ള നല്ല തീരുമാനങ്ങള്‍ തന്നെയാണ് ആദ്യ മന്ത്രിസഭാ യോഗം കൈക്കൊണ്ടത് എന്ന കാര്യത്തില്‍ എതിരഭിപ്രായമില്ല. അതേസമയം തന്നെ നിയമനനിരോധനം, വിലക്കയറ്റം തുടങ്ങിയ കാര്യങ്ങളിലെ ഇടപെടല്‍ വഴി, ഇടതുമുന്നണിയുടെ മുഖ്യ തെരഞ്ഞെടുപ്പ് വിഷയങ്ങള്‍ക്ക് പ്രഥമ പരിഗണന തന്നെയാണ് പിണറായി സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്.
