പാലക്കാട്: പാര്‍ട്ടി സമ്മേളനത്തില്‍ അണികള്‍ക്കും നേതാക്കള്‍ക്കും മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പാലക്കാട് ജില്ലയില്‍ വിഭാഗീയതയുടെ തുരുത്തുകള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. നേതാക്കള്‍ തെറ്റു തിരുത്താന്‍ തയ്യാറാകണമെന്നും അല്ലെങ്കില്‍ വച്ച് പൊറുപ്പിക്കില്ലെന്നും പിണറായി തുറന്നടിച്ചു.
പ്രതിനിധി ചര്‍ച്ചക്ക് മറുപടി പറയവെയാണ് പാലക്കാട് ജില്ലയില്‍ വിഭാഗീയതയുടെ കൂട്ടുകെട്ടുകള്‍ ഇപ്പോഴുമുണ്ടെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചത്. സിഐടിയു സംസ്ഥാന സമ്മേളനത്തിലെ ഭാരവാഹി തെരഞ്ഞെടുപ്പിലടക്കം ഈ കൂട്ടുകെട്ടുകളുണ്ടായി. വ്യക്തി അധിഷ്ഠിത രാഷ്ട്രീയം അംഗീകരിക്കില്ലെന്നും ജില്ലാ നേതൃത്വം ഉള്‍പ്പെടെയുള്ളവര്‍ തെറ്റു തിരുത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് സമയത്ത് വി.എസ് സ്വന്തം താല്‍പര്യ പ്രകാരം മണ്ഡലം സെക്രട്ടറിയെ മാറ്റിയെന്നും വി എസിന് മാത്രമെന്താണ് പ്രത്യേകതയെന്നും പ്രതിനിധികള്‍ സമ്മേളനത്തില്‍ വിമര്‍ശനം ഉന്നയിച്ചു. എന്നാല്‍ മണ്ഡലം സെക്രട്ടറിയെ മാറ്റിയത് സംസ്ഥാന സെന്റര്‍ ആവശ്യപ്പെട്ടിട്ടാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. തുടര്‍ച്ചയായി അധികാര സ്ഥാനത്ത് തുടരുന്നതിനെതിരെ എകെ ബാലനും, പ്രവര്‍ത്തന ശൈലികളുടെ പേരില്‍ പികെ ശശി എംഎല്‍എ ക്കെതിരെയും വിമര്‍ശനങ്ങളുണ്ടായി. ഭാരവാഹി തെരഞ്ഞെടുപ്പോടെ ഇന്ന് സിപിഎം പാലക്കാട് ജില്ലാ സമ്മേളനം സമാപിക്കും. നിലവിലെ സെക്രട്ടറി സി.കെ.രാജേന്ദ്രന്‍ മൂന്നാം തവണയും തുടരാനാണ് സാധ്യത. വൈകിട്ട് നടക്കുന്ന പൊതു സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും
