പ്രീതാ ഷാജിയുടെ വിഷയത്തില്‍ ഇടപെടണമെന്ന് മുഖ്യമന്ത്രിയോട് ഉമ്മന്‍ ചാണ്ടിധനമന്ത്രിയെ ചുമതലപ്പെടുത്തിയെന്ന് മുഖ്യമന്ത്രിയുടെ മറുപടി 

ദില്ലി: മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്‍മുഖ്യമന്ത്രിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ചാണ്ടിയുമായി കൂടിക്കാഴ്ച്ച നടത്തി. ഡല്‍ഹി കേരളഹൗസില്‍ വച്ചാണ് ഇരുവരും കണ്ടത്. 

ജാമ്യം നിന്നതിന്‍റെ പേരില്‍ ജപ്തി ഭീഷണി നേരിടുന്ന പ്രീതാ ഷാജിയുടെ വിഷയത്തില്‍ ഇടപെടണമെന്ന് മുഖ്യമന്ത്രിയോട് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ഇടപെടാന്‍ ധനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പിണറായി വിജയന്‍ ഉമ്മന്‍ചാണ്ടിയെ അറിയിച്ചു. കൊച്ചിയില്‍ നിരാഹാരസമരം നടത്തുന്ന പ്രീതാഷാജിയെ ഉമ്മന്‍ചാണ്ടി വെള്ളിയാഴ്ച്ച സന്ദര്‍ശിച്ചിരുന്നു. 

പൊളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കാനായാണ് പിണറായി കേരള ഹൗസിലെത്തിയത്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ യോഗത്തിനായി ഉമ്മന്‍ചാണ്ടിയും. കോച്ച് ഫാക്ടറി, കീഴാറ്റൂര്‍ വിഷയങ്ങളില്‍ മുഖ്യമന്ത്രി തുടര്‍ച്ചയായി കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിക്കുന്നതിനിടെയാണ് ഇരുമുന്നണികളിലേയും മുന്‍നിരനേതാക്കള്‍ തമ്മില്‍ കൂടിക്കാഴ്ച്ച നടത്തിയത്.