കാമുകനൊപ്പം ജീവിക്കാനായി സൗമ്യ ഒരുക്കിയ തിരക്കഥയ്ക്ക് എല്ലാ സിനിമാക്കഥകളെക്കാളും വിശ്വാസ്യതയുണ്ടായിരുന്നു. പിണറായിയിലെ കുടുംബത്തിലെ നാല് മരണങ്ങളും ആദ്യം കിണറിലെ വെള്ളത്തിന്‍റെ പ്രശ്നം എന്ന തലത്തിലാണ് ശ്രദ്ധയാകര്‍ഷിച്ചത്. വിദഗ്ദ സംഘങ്ങള്‍ പാഞ്ഞെത്തിയിട്ടും വെള്ളത്തിലെ പ്രശ്നം കണ്ടെത്താനായില്ല. എന്നാല്‍ കൊലപാതകങ്ങളുടെ ചുരുളഴിഞ്ഞ് തുടങ്ങിയപ്പോള്‍ സൗമ്യയുടെ കയ്യിലെ ചോരക്കറ പുറത്തുവരികയായിരുന്നു
കണ്ണൂര്‍: കേരളം കണ്ട ഏറ്റവും ക്രൂരമായ കൊലപാതകങ്ങളുടെ ഗണത്തിലാണ് കണ്ണൂരിലെ പിണറായി പടന്നക്കരയിലെ കൂട്ടക്കൊലയും പെടുന്നത്. സ്വന്തം കുട്ടികളെയും മാതാപിതാക്കളെയും ഒരു യുവതിക്ക് കൊലപ്പെടുത്താന്‍ കഴിയുമെന്ന് അത്ര പെട്ടന്ന് കേരളത്തിന് വിശ്വസിക്കാന്‍ ആകുമായിരുന്നില്ല.
കാമുകനൊപ്പം ജീവിക്കാനായി സൗമ്യ ഒരുക്കിയ തിരക്കഥയ്ക്ക് എല്ലാ സിനിമാക്കഥകളെക്കാളും വിശ്വാസ്യതയുണ്ടായിരുന്നു. പിണറായിയിലെ കുടുംബത്തിലെ നാല് മരണങ്ങളും ആദ്യം കിണറിലെ വെള്ളത്തിന്‍റെ പ്രശ്നം എന്ന തലത്തിലാണ് ശ്രദ്ധയാകര്‍ഷിച്ചത്. വിദഗ്ദ സംഘങ്ങള്‍ പാഞ്ഞെത്തിയിട്ടും വെള്ളത്തിലെ പ്രശ്നം കണ്ടെത്താനായില്ല. എന്നാല്‍ കൊലപാതകങ്ങളുടെ ചുരുളഴിഞ്ഞ് തുടങ്ങിയപ്പോള്‍ സൗമ്യയുടെ കയ്യിലെ ചോരക്കറ പുറത്തുവരികയായിരുന്നു.
പൊലീസിന്‍റെ കണ്ടെത്തലും സൗമ്യയുടെ മൊഴിയും കേരള ജനതയ്ക്ക് അത്രപെട്ടന്ന് മറക്കാനാകുന്നതല്ല. ഭര്‍ത്താവ് തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നതായും അതില്‍ നിന്നാണ് കൊലപാതകങ്ങള്‍ക്ക് പ്രേരണയെന്നുമാണ് സൗമ്യ പൊലീസിനോട് സമ്മതിച്ചത്. 11 മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്.
ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയാണ് ഒരു മകളെയും മതാപിതാക്കളെയും കൊലപ്പെടുത്തിയതെന്ന് കുറ്റബോധത്തിന്‍റെ ലാഞ്ചന പോലുമില്ലാതെ സൗമ്യ വെളിപ്പെടുത്തി. മകള്‍ക്ക് ചോറിലും അച്ഛന് രസത്തിലും അമ്മയ്ക്ക് മീന്‍കറിയിലും വിഷം ചേര്‍ത്ത് നല്‍കുകയായിരുന്നെന്ന് സൗമ്യ സമ്മതിച്ചു. ഇളയ മകളുടെ മരണം സ്വാഭാവികമായിരുന്നെന്നും സൗമ്യ വാദിച്ചു. ഇതില്‍ ഇപ്പോഴും സംശങ്ങള്‍ ബാക്കിയാണ്.
സൗമ്യയുടെ മാതാപിതാക്കൾ വിഷം അകത്തു ചെന്നാണ് മരിച്ചതെന്ന് പൊലീസ് കണ്ടെത്തിയതോടെയാണ് നാടിനെ ഞെട്ടിച്ച കൂട്ടക്കൊല വെളിച്ചത്തായത്. ആ സമയം തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന സൗമ്യയെ മഫ്ടിയിൽ എത്തിയ അന്വേഷണ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിൽ എടുത്തു. 11 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് മുന്നില്‍ സൗമ്യക്ക് പിടിച്ചുനില്‍ക്കാനായില്ല.
അടുത്തടുത്ത ദിവസങ്ങളിൽ മരണപ്പെട്ട സൗമ്യയുടെ മാതാവ് കമലയുടെയും പിതാവ് കുഞ്ഞി കണ്ണന്റെയും പോസ്റ്റ് മോർട്ടം റിപോർട്ടിൽ ശരീരത്തിൽ അമിതമായ അളവിൽ അലുമിനിയം ഫോസ്ഫൈഡ് എന്ന വിഷാംശം ഉള്ളതായി വ്യക്തമായിരുന്നു. മൂന്ന് മാസം മുൻപ് മരിച്ച സൗമ്യയുടെ മകൾ ഐശ്വര്യയുടെ മൃതദേഹവും പുറത്തെടുത്ത് പോസ്റ്റ് മോർട്ടം ചെയ്തപ്പോള്‍ ഇതേ വിഷാംശം കണ്ടെത്തി.
2012 സെപ്റ്റംബർ 7 ന് സൗമ്യയുടെ ഇളയ മകൾ കീർത്തന, ഇക്കൊല്ലം ജനുവരി 21 ന് മൂത്ത മകൾ ഐശ്വര്യ , മാർച്ച് 7 ന് അമ്മ കമല , ഏപ്രിൽ 13 ന് അച്ഛൻ കുഞ്ഞിക്കണ്ണൻ എന്നിവരാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. ചർദ്ദിയെ തുടർന്നായിരുന്നു എല്ലാവരുടെയും മരണം. ഇതില്‍ ഇളയ മകൾ കീർത്തനയുടെ മരണം സ്വാഭാവികമാണെന്നാണ് സൗമ്യ പറഞ്ഞത്. നാട്ടുകാർ തുടർ മരങ്ങളിൽ സംശയം പ്രകടിപ്പിക്കുകയും ബന്ധുക്കൾ പരാതി നൽകുകയും ചെയ്തതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.
