കണ്ണൂര്‍: പിണറായിയില്‍ രക്ഷിതാക്കളെയും മകളെയും വിഷം കൊടുത്ത് കൊന്ന സംഭവത്തില്‍ പിടിയിലായ സൗമ്യയുടെ മുന്‍ ഭര്‍ത്താവിനെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. കൊടുങ്ങല്ലൂര്‍ സ്വദേശിയായ കിഷോറിനെയാണ് പൊലീസ് ചോദ്യം ചെയ്യുന്നത്. സൗമ്യയുടെ മറ്റൊരു മകളുടെ മരണത്തിലും അസ്വഭാവിക സംശയിച്ചതോടെയാണ് കിഷോറിലേക്കും അന്വേഷണം എത്തിയത്. 

രക്ഷിതാക്കളെയും മകളെയും കൊലപ്പെടുത്തിയതിന് പ്രേരണയായത് ഭര്‍ത്താവ് തന്നോട് ഇത്തരത്തില്‍ പെരുമാറിയതാണെന്ന് സൗമ്യ പൊലീസിനോട് വ്യക്തമാക്കിയിരുന്നു. 19ാം വയസിലെ കിഷോറുമായുള്ള വിവാഹത്തിന് ശേഷം ശാരീരിക ഉപദ്രവവും കലഹവും പതിവായപ്പോൾ സൗമ്യ മറ്റൊരാൾക്കൊപ്പം കുറച്ചുകാലം താമസിച്ചിരുന്നു. പിന്നീട് ഉണ്ടായ കുഞ്ഞിന്റെ പിതൃത്വത്തില്‍ സംശയെ തോന്നിയ കിഷോര്‍ എലിവിഷം നൽകിയിരുന്നുവെന്നാണു സൗമ്യയുടെ മൊഴി.

നിർബന്ധിച്ചു കുടിപ്പിക്കുകയും ചെയ്തതായി സൗമ്യ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു.  ഈ സംഭവത്തിന് ശേഷം ചികിത്സയിൽ കഴിഞ്ഞെങ്കിലും ബന്ധുക്കളുടെയും വീട്ടുകാരുടെയും നിർബന്ധത്തിൽ കേസ് നൽകിയില്ല. കുറച്ച് കാലത്തിന് ശേഷം ആ കുഞ്ഞിന് ഛർദിയും വയറിളക്കവും ബാധിച്ചു ചികിത്സ തേടിയിരുന്നു. ചികിത്സയിൽ കഴിഞ്ഞെങ്കിലും കുഞ്ഞു മരിച്ചു. അസ്വാഭാവികത തോന്നാത്തതിനാൽ അന്നു പോസ്റ്റ്മോർട്ടവും ചെയ്തിരുന്നില്ല. മകളെ താൻ കൊലപ്പെടുത്തിയതല്ലെന്നു പൊലീസിനോടു സൗമ്യ ഉറപ്പിച്ച് പറഞ്ഞതോടെയാണ് ഭർത്താവിലേക്ക് അന്വേഷണം തിരിഞ്ഞത്.  കഴിഞ്ഞ ദിവസമാണ് പിണറായിയിലെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തത്.