കോഴിക്കോട്: ജിഷ്ണുവിന്റെ അമ്മക്കെതിരായ പൊലീസ് അതിക്രമത്തിലെ എംഎ ബേബിയുടെ നിലപാടിനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസ് എന്ത് ദാര്‍ഷ്ട്യമാണ് കാണിച്ചത് എന്ന് തനിക്കറിയില്ല. ഇത് അറിയണമെങ്കില്‍ എംഎ ബേബിയോട് തന്നെ ചോദിക്കണമെന്നും പിണറായി വിജയന്‍ കോഴിക്കോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രതികരണത്തിന് പിന്നാലെ എം എ ബേബിയുടെ ഫേസ്ബുക്ക് പോസ്റ്റ് തള്ളി ദേശാഭിമാനി വാരികയുടെ എഡിറ്റര്‍ ഇന്‍ ചീഫ് സി പി അബൂബക്കറും രംഗത്തെത്തി. ബേബിയുടെത് പോപ്പുലിസമാണ്, സത്യവുമായി അതിന് പുലബന്ധം പോലും ഇല്ല എന്നും ബേബിയെ അഭിനന്ദിച്ചു കൊണ്ടുള്ള ഒരു ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയായി അബു ബക്കര്‍ പറഞ്ഞു. ഇടതുപക്ഷത്തിന്റെ പൊലീസ് നയം മനസിലാക്കാത്തവരാണ് ജിഷ്ണുവിന്റെ അമ്മ മഹിജയ്ക്ക് നേരെ പരാക്രമം നടത്തിയതെന്നായിരുന്നു എം എ ബേബിയുടെ ഫേസ്ബുക്ക് പോസ്റ്റ്.