സിപിഐഎമ്മും യോഗയുടെ രാഷ്ട്രീയം പയറ്റുന്നു. ആദ്യ അന്താരാഷ്ട്രാ യോഗാ ദിനത്തിന് കഴിഞ്ഞ വര്‍ഷം രാജ്യത്താകെ ബിജെപി നേതൃത്വമേകി. രണ്ടാം യോഗാ ദിനത്തില്‍ വിപുലമായ പരിപാടികളൊരുക്കി സിപിഐഎമ്മും സജീവം. പാര്‍ട്ടി നേതൃത്വമേകുന്ന ഇന്ത്യന്‍ മാര്‍ഷ്യല്‍ ആര്‍ട്‌സ് അക്കാഡമി ആന്റ് യോഗാ സെന്റര്‍ എന്ന സ്ഥാപനത്തിനാണ് മേല്‍നോട്ടം. ഒരു വര്‍ഷത്തോളമായി പാര്‍ട്ടിയുടെ താഴേത്തട്ട് മുതലുള്ള അംഗങ്ങള്‍ യോഗയും കളരിപ്പയ്യറ്റും കരാട്ടെയുമൊക്കെ പരിശീലിക്കുന്നു. ജനുവരിയില്‍ കണ്ണൂരിലെ മതേതരയോഗാ പ്രദര്‍ശനത്തില്‍ ശ്രീ എമ്മും പിണറായി വിജയനും കോടിയേരിയും പങ്കെടുത്തിരുന്നു. കൊല്ലത്ത് മുഖ്യമന്ത്രിയും മറ്റ് ജില്ലകളില്‍ മന്ത്രിമാരും പാര്‍ട്ടി നേതാക്കളും യോഗയില്‍ പങ്കാളികളാകും. മതഭേദമില്ലാതെ എല്ലാവര്‍ക്കും സ്വാഗതം എന്ന നിലക്കാണ് മതേതരയോഗയെന്ന പേരിട്ടത്.

ബിജെപിയുടെ യോഗാദിനം മതപരമാണെന്നും സിപിഐഎം വിമര്‍ശിക്കുന്നു. മതേതരയോഗയെന്നാണ് പേരെങ്കിലും വിശ്വാസികളെ പരമാവധി ഒപ്പം നിര്‍ത്തുക തന്നെയാണ് പാര്‍ട്ടി യോഗയുടെ ലക്ഷ്യം. സംസ്ഥാന കമ്മിറ്റി തന്നെ ബിജെപി കടന്നുകയറ്റം തടയാനുള്ള നടപടികള്‍ക്ക് കീഴ് ഘടകങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഗണേശോത്സവത്തിനും ശ്രീകൃഷ്ണ ജയന്തിക്കും അയ്യപ്പഭക്തര്‍ക്ക് സഹായങ്ങളൊരുക്കിയതിനും പിന്നാലെയാണ് സിപിഐഎം യോഗയും പരീക്ഷിക്കുന്നത്.