വി.എസിന്റെ പദവിക്കാര്യം സംസ്ഥാന സര്‍ക്കാര്‍ പരിശോധിക്കുമെന്നായിരുന്നു പി.ബി യോഗത്തിലുണ്ടായ ധാരണ. എന്നാല്‍ മന്ത്രിസഭാ യോഗം വിഷയം ചര്‍ച്ച ചെയ്തില്ല. ഇതേ ചൊല്ലിയുള്ള ചര്‍ച്ചകളില്‍ വി.എസിന് അതൃപ്തിയുമുണ്ടായി. വിഷയം വീണ്ടും കേന്ദ്ര കമ്മിറ്റി പരിശോധിക്കാന്‍ ആലോചനയുണ്ട്. ഇതേക്കുറിച്ച് ചോദിച്ചപ്പോഴാണ്, വി എസിന്റെ പദവിയെക്കുറിച്ച് ഇപ്പോള്‍ ആലോചനയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്.

ടി പി സെന്‍കുമാര്‍ വിഷയത്തില്‍ പരസ്യ പ്രതികരണം നടത്തേണ്ടി വന്നാല്‍ ചില കാര്യങ്ങള്‍ വെളിപ്പെടുത്തേണ്ടി വരും. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്ന് യു.ഡി.എഫ് ആവശ്യവും മുഖ്യമന്ത്രി തള്ളിക്കളഞ്ഞു.

അതിരപ്പിള്ളി വിഷയത്തില്‍ മുഖ്യമന്ത്രി പ്രതികരിച്ചില്ല. അടിസ്ഥാന സൗകര്യവികസനത്തിന് നടപടികളെടുക്കുമ്പോള്‍ അസൗകര്യമുണ്ടാകുന്നവരൂടെ പ്രശ്‌നം പരിഹിരിക്കും. വാതക പൈപ്പ് ലൈന്‍ പദ്ധതിയുമായി മുന്നോട്ടു പോകുക തന്നെ ചെയ്യും. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അതീവ ഗുരുതരമാണ്. സ്‌റ്റേറ്റ് സിവില്‍ സര്‍വീസ് കേഡര്‍ രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭരണ നടപടികള്‍ ഫലപ്രദമാക്കാന്‍ വികേന്ദ്രീകൃത സമ്പ്രദായം കൊണ്ടു വരും. ജനങ്ങളുടെ പരാതികളും അപേക്ഷകളും പരിശോധിച്ച് 30 ദിവസത്തിനകം തീരുമാനമെടുക്കണമെന്നതാണ് സര്‍ക്കാര്‍ നിലപാട്. കലക്ടര്‍മാര്‍ പരിഹരിക്കേണ്ട വിഷയങ്ങള്‍ മുഖ്യമന്ത്രിയുടെ മുമ്പാകെ കൊണ്ടു വരേണ്ടതില്ലെന്ന് നിര്‍ദേശം നല്‍കിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.