സ്വാശ്രയചര്‍ച്ച പൊളിഞ്ഞത് തന്റെ പിടിവാശി കൊണ്ടല്ലെന്നും മാനേജ്മെന്റുകള്‍ ഫീസിളവ് നിര്‍ദ്ദേശം വെക്കാത്തതാണെന്നും മുഖ്യമന്ത്രി. മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളമാണെന്നും എകെജി സെന്ററില്‍ നിന്നു വന്ന ഫോണ്‍വിളിയാണ് ചര്‍ച്ച പൊളിച്ചതെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മറുപടി നല്‍കി. പ്രതിപക്ഷ പ്രതിഷേധത്തില്‍ നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി. സഭ ഇനി 17ന് ചേരും.

മുഖ്യമന്ത്രിയെ ഉന്നം വെച്ചായിരുന്നു നിയമസഭയിലെ പ്രതിപക്ഷത്തിന്റെ ഇന്നത്തെ പ്രതിഷേധം. ഫീസിളവിന് തയ്യാറായ മാനേജ്മെന്റുകളെ മുഖ്യമന്ത്രി ഇടപെട്ട് പിന്തിരിപ്പിച്ചു എന്നായിരുന്നു വിമര്‍ശനം. പിണറായിക്കെതിരെ മുദ്രാവാക്യം വിളിയുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയതോടെ ചോദ്യോത്തരവേള റദ്ദാക്കി. വീണ്ടും സഭ ചേര്‍ന്നപ്പോഴും ബഹളം തുടര്‍ന്നു, പ്രതിഷേധത്തിനിടെ മുഖ്യമന്ത്രി വിശദീകരണവുമായെത്തി. പിടിവാശി തനിക്കല്ല പ്രതിപക്ഷത്തിനാണെന്ന് പിണറായി വിജയന്‍ വിമര്‍ശിച്ചു.

മുഖ്യമന്ത്രി മാനേജ്മെന്റുകളെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയപ്പോള്‍ പ്രതിപക്ഷം മുഖ്യമന്ത്രിയെയും മാനേജ്മെന്റുകളെയും കുറ്റപ്പെടുത്തി. പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കാമെന്ന് മാനേജ്മെന്റുകള്‍ പ്രതിപക്ഷവുമായി നടത്തിയ ചര്‍ച്ചയില്‍ സമ്മതിച്ചതാണെന്ന് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും വിശദീകരിച്ചു. മൂന്നു ലക്ഷം വാര്‍ഷികവരുമാനമുള്ളവര്‍ക്ക് ഇളവ് നല്‍കാമെന്ന ധാരണയില്‍ പിരിഞ്ഞ ചര്‍ച്ച പൊളിയാന്‍ കാരണം മുഖ്യമന്ത്രിയുടേയും സിപിഎമ്മിന്റെയും കടുപിടുത്തമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

പ്രതിപക്ഷ പ്രതിഷേധം കടുത്തതോടെയാണ് നാളെത്തെ നടപടികളും ഇന്ന് പൂര്‍ത്തിയാക്കി സഭ തല്‍ക്കാലം പിരിഞ്ഞത്.