ശബരിമലയിൽ പണം നൽകാൻ കൂടുതൽ കൗണ്ടറുകൾ തുറക്കാമെന്ന് കേന്ദ്ര മന്ത്രി അരുണ്‍ ജയ്റ്റ്‍ലി ഉറപ്പു നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ട്രഷറിക്ക് ബാങ്കിന്റെ എല്ലാ സൗകര്യവും നൽകണമെന്ന ആവശ്യം കേന്ദ്രം പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പണം പിൻവലിക്കാനുള്ള ജനങ്ങളുടെ ദുരിതം ഉടൻ തീരുമെന്ന ഒരു സൂചനയും കേന്ദ്രം നല്‍കുന്നില്ലെന്ന് ദില്ലിയിൽ ധനമന്ത്രി അരുൺ ജയ്‍റ്റ്‍ലിയെ കണ്ട ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിൽ ശബരിമലയിൽ കൂടുതൽ ബാങ്ക് കൗണ്ടർ തുറക്കുന്നതിനും ട്രഷറിക്ക് ബാങ്കിന്റെ എല്ലാ സൗകര്യവും നല്‍കുന്നതിനും നടപടി ആലോചിക്കുമെന്ന് അരുൺ ജയ്‍റ്റ്‍ലി മുഖ്യമന്ത്രിയോട് പറഞ്ഞു.

കള്ളപ്പണവും കള്ളനോട്ടും ഇല്ലാതാക്കാൻ കേന്ദ്രത്തിന്റെ നിലപാട് സഹായിക്കുമെന്ന് പറഞ്ഞ ധനമന്ത്രി തോമസ് ഐസക് എന്നാൽ ജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കാനുള്ള മുൻകരുതൽ വേണമായിരുന്നു എന്ന് വ്യക്തമാക്കി. ഇതിനിടെ പൊതുമേഖലാ ബാങ്കുകളിലേതിനു സമാനമായി നോട്ടുകൾ മാറിനൽകാൻ തങ്ങൾക്കും അനുമതിനൽകണമെന്നാവശ്യപ്പെട്ട് പ്രാഥമിക സഹകരണ സംഘങ്ങൾ ഹൈക്കോടതിയെ
സമീപിച്ചു. പഴയ നോട്ടുകൾ മാറിനൽകാൻ തങ്ങളെ അനുവദിക്കാത്തത് വിവേചനപരമാണെന്നും ഇക്കാര്യത്തിൽ കോടതി റിസർവ് ബാങ്കിന് നിർദേശം നൽകണമെന്നും പ്രാഥമിക സംഘങ്ങൾ ഹർജിയിൽ അഭ്യർത്ഥിച്ചു.