കാസർകോട് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ ആണ് മുഖ്യമന്ത്രിയുടെ പ്രതികരണം

കാസർകോട്: പേയിളകിയ പട്ടിയെ തല്ലി കൊന്നതറിഞ്ഞാൽ പാതിരാത്രിയിൽ പോലും എന്നെ വിളിക്കുന്ന കേന്ദ്ര മന്ത്രി ഉള്ളപ്പോൾ കർഷകർക്ക് ദുരന്തമുണ്ടാക്കുന്ന കാട്ടുപന്നിയെ വെടിവെച്ചു കൊല്ലാൻ സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൽ.ഡി.എഫ്‌.സർക്കാരിന്‍റെ രണ്ടാം വാർഷികത്തിന്‍റെ ഭാഗമായി കാസർകോട് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ ആണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

മുഖാമുഖത്തില്‍ പങ്കെടുത്ത വെള്ളരിക്കുണ്ട് ഫെറോന വികാരി ഫാദർ ആന്റണി തെക്കേമുറിയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. ഒരുമാസം മുൻപ് കാട്ടുപന്നിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വെള്ളരികുണ്ടിലെ ജോസ് എന്ന കർഷകന്റെ ദുരന്ത കഥയാണ് ഫെറോന വികാരി മുഖ്യമന്ത്രിക്ക് മുന്നിൽ വിവരിച്ചത്. എൽ.ഡി.എഫ്‌.സർക്കാർ അധികാരത്തിൽ എത്തി രണ്ടു വർഷം പൂർത്തിയാകുമ്പോൾ ഉണ്ടായ വികസന നേട്ടങ്ങൾ വിവരിക്കുന്നതിനിടയിൽ മുഖ്യമന്ത്രി കർഷക മുന്നേറ്റവും വിവരിച്ചിരുന്നു.

ഇതിന്റെ ചുവടു പിടിച്ചാണ് കാസർകോടിന് കിഴക്കുള്ള മലയോര കുടിയേറ്റ കർഷകർ കാട്ടുപന്നിയുടെ നിരന്തരമുള്ള ആക്രമണങ്ങളും ദുരന്തങ്ങളും വികാരിയച്ചൻ വിഷയമാക്കിയത്.
അക്രമകാരികളായ പന്നികളെ വെടിവെച്ചുകൊല്ലാൻ ഉപാധികളുണ്ട്. ഗർഭണിയായ പെൺപന്നിയെ കൊല്ലുവാൻ പാടില്ല. എന്നാൽ ആക്രമിക്കാൻ വരുന്ന പന്നി ആണാണോ പെണ്ണാണോ എന്ന് എങ്ങനെ തിരിച്ചറിയും എന്ന മുഖ്യമന്ത്രിയുടെ മറുപടി സദസ്സിൽ ചിരിപടർത്തി. സി.പി.എമ്മിന്റെ ക്ഷണം സ്വീകരിച്ചാണ് വെള്ളരിക്കുണ്ട് ഫെറോനാ വികാരി പരിപാടിയിൽ പങ്കെടുക്കാനെത്തിയത്.