Asianet News MalayalamAsianet News Malayalam

വിമതശബ്ദങ്ങള്‍ അടിച്ചമര്‍ത്തപ്പെടുന്ന കാലത്ത് കലാകാരന്മാര്‍ ഉറച്ച ശബ്ദമുള്ളവരാകണമെന്ന് മുഖ്യമന്ത്രി

Pinarayi vijayan at Kerala film awards
Author
First Published Sep 10, 2017, 11:04 PM IST

കണ്ണൂര്‍: വിമതശബ്ദങ്ങള്‍ അടിച്ചമര്‍ത്തപ്പെടുന്ന കാലത്ത് കലാകാരന്മാര്‍ ഉറച്ച ശബ്ദമുള്ളവരാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തങ്ങളെ ചോദ്യം ചെയ്യുന്നതൊന്നും ജനങ്ങള്‍ കാണരുതെന്ന നിലപാട് മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും തങ്ങള്‍ ആഗ്രഹിക്കുന്നത് മാത്രം പ്രചരിപ്പിക്കപ്പെടണമെന്ന ചിന്താഗതി തിരുത്തപ്പെടണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 2016ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് തലശ്ശേരിയിൽ വിതരണം ചെയ്തശേഷം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

മുഖ്യമന്ത്രിയുടെ ഫേസ്ബുക് പോസ്റ്റില്‍ നിന്ന്

വിമതശബ്ദങ്ങള്‍ അടിച്ചമര്‍ത്തപ്പെടുന്ന കാലത്ത് കലാകാരന്മാര്‍ ഉറച്ച ശബ്ദമുള്ളവരാകണം. 2016ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണം തലശ്ശേരിയിൽ നിർവഹിച്ചു. അവാർഡ് ജേതാക്കൾക്ക് അഭിനന്ദനങ്ങൾ. ചടങ്ങിൽ ചലച്ചിത്ര രംഗത്തെ പഴയകാല പ്രതിഭകളെയും ആദരിച്ചു.

തങ്ങളെ ചോദ്യം ചെയ്യുന്നതൊന്നും ജനങ്ങള്‍ കാണരുതെന്ന നിലപാട് മൗലികാവകാശങ്ങളുടെ ലംഘനമാണ്. തങ്ങള്‍ ആഗ്രഹിക്കുന്നത് മാത്രം പ്രചരിപ്പിക്കപ്പെടണമെന്ന ചിന്താഗതി തിരുത്തപ്പെടണം. മനുഷ്യര്‍ പലരീതിയില്‍ വിഭജിക്കപ്പെടുന്ന കാലമാണിത്. കലാകാരന്മാര്‍ സമൂഹത്തോട് കലഹിക്കുന്നവരാകണം. തങ്ങളുടെ ആശയങ്ങള്‍ മറ്റുള്ളവരിലേക്ക് അടിച്ചേല്‍പ്പിക്കുന്ന പ്രവണത നമ്മുടെ നാട്ടിലും തുടങ്ങിയിരിക്കുന്നു. അത് അനുവദിക്കപ്പെടരുത്.

അസഹിഷ്ണുതയുടെ ഫലമായി മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് ദാരുണമായി കൊലചെയ്യപ്പെട്ടു. രോഹിത് വെമൂലയെക്കുറിച്ചും ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളെക്കുറിച്ചുമൊക്കെയുളള ചിത്രങ്ങള്‍ ദേശീയതലത്തില്‍ നിരോധിക്കപ്പെട്ടു. സിനിമ എന്ന കല കര്‍ശനമായ സെന്‍സറിംഗിന് വിധേയമായിക്കൊണ്ടിരിക്കുന്നു. 10 സിനിമകളാണ് അടുത്തകാലത്ത് ദേശീയതലത്തില്‍ സെന്‍സറിംഗിന് വിധേയമായത്. സിനിമ ആയിരങ്ങളുടെ ജീവിത ഉപാധി കൂടിയാണ്. സംസ്ഥാന അംഗീകാരം ലഭിച്ച സിനിമകള്‍ ഏറെയും പുരോഗമനാശയങ്ങളുടെ ആവിഷ്‌കാരമാണെന്നത് പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്. തമസ്‌ക്കരിക്കപ്പെട്ടവരുടെ ജീവിതകഥാഖ്യാനങ്ങളാണ് ഏറെയും. സമകാലിക ഇന്ത്യയില്‍ അവയ്ക്ക് ഏറെ പ്രാധാന്യവുമുണ്ട്. കീഴാളരുടെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും ജീവിതത്തിലേക്ക് സിനിമ തിരിച്ചുവന്നിരിക്കുന്നത് കാലത്തിന്റെ ആവശ്യമാണ്.

മലയാള സിനിമക്കുള്ള സമഗ്ര സംഭാവനക്ക് കേരള സർക്കാർ നൽകുന്ന പരമോന്നത അവാർഡായ ജെ.സി ഡാനിയൽ അവാർഡ് തുക ഒരു ലക്ഷത്തിൽ നിന്ന് 5 ലക്ഷം രൂപയാക്കിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios