തിരുവനന്തപുരം: പാമ്പടി നെഹ്റു കോളേജില്‍ മരണപ്പെട്ട ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജക്കെതിരെ നടന്ന പൊലീസ് നടപടിയില്‍ പ്രതിഷേധം പിണറായി വിജയന്‍റെ ഫേസ്ബുക്ക് പേജുകളിലേക്ക് വ്യാപിക്കുന്നു. മന്ത്രിസഭ യോഗത്തിന്റെ വിശദാംശങ്ങള്‍ രേഖപ്പെടുത്തി ഇട്ട ഫേസ്ബുക്ക് പോസ്റ്റിനു താഴെയാണ് കമന്‍റുകളായി പ്രതിഷേധം ഇരമ്പുന്നത്. പിണറായി വിജയന്‍ എന്ന ഓഫീഷ്യല്‍ അക്കൗണ്ടിന് പുറമേ, മുഖ്യമന്ത്രി എന്ന നിലയില്‍ ഉപയോഗിക്കുന്ന സിഎം ഓഫീസ് എന്ന അക്കൗണ്ടിലെ പോസ്റ്റിലും പ്രതിഷേധം വ്യാപിക്കുന്നുണ്ട്.
സഖാവെ നിങ്ങളിൽ നിന്നും ഞങ്ങൾ ഒരുപാട് പ്രതീക്ഷിക്കുന്നു ഇനിയെങ്കിലും ആ ജിഷ്ണുവിന്റെ അമ്മക്ക് നീതി നേടി കൊടുക്ക്, ബാംഗ്ലൂരിലുള്ള താങ്കളുടെ മകള്‍ക്കാണ് ഈ ഗതി വന്നതെങ്കില്‍ ഇതേ തരത്തില്‍ തന്നെയാണോ ഇടപെടുക എന്നിങ്ങനെയുള്ള പൊള്ളുന്ന ചോദ്യങ്ങളാണ് കമന്‍റായി എത്തുന്നത്.
