യുഡിഎഫ് ബഹിഷ്ക്കരിക്കുമെന്നു പ്രഖ്യാപിച്ച പരിപാടിയില്‍ കേരള കോണ്‍ഗ്രസ് (എം)ചെയര്‍മാന്‍ കെ.എം.മാണി പങ്കെടുക്കുമോ എന്നതാണു രാഷ്‌ട്രീയ കേരളം ഉറ്റുനോക്കുന്നത്.

കണ്ണൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന് ഇന്ന് കണ്ണൂരില്‍ തുടക്കം. വൈകീട്ട് അഞ്ച് മണിക്ക് കളക്ടറേറ്റ് മൈതാനിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ശരിയായ ദിശയില്‍ നമ്മുടെ സര്‍ക്കാര്‍ എന്ന പേരിലാണ് രണ്ടാഴ്ച്ചയോളം നീളുന്ന പരിപാടികള്‍ ഒരുക്കിയിരിക്കുന്നത്. യുഡിഎഫ് ബഹിഷ്ക്കരിക്കുമെന്നു പ്രഖ്യാപിച്ച പരിപാടിയില്‍ കേരള കോണ്‍ഗ്രസ് (എം)ചെയര്‍മാന്‍ കെ.എം.മാണി പങ്കെടുക്കുമോ എന്നതാണു രാഷ്‌ട്രീയ കേരളം ഉറ്റുനോക്കുന്നത്. നിലവില്‍ ഒരു മുന്നണിയുടെയും ഭാഗമല്ലാത്ത കേരള കോണ്‍ഗ്രസിന്റെ നേതാവ് ചടങ്ങില്‍ പങ്കെടുത്താല്‍ അതു അവരുടെ രാഷ്‌ട്രീയ നിലപാട് സംബന്ധിച്ച വ്യക്തമായ സൂചനയാകും.

സംസ്ഥാനതല ഉദ്ഘാടനമാണ് കണ്ണൂരില്‍ നടക്കുന്നത്. രാവിലെ മുതല്‍ കളക്ടറേറ്റ് മൈതാനിയില്‍ മെഗാ എക്‌സിബിഷന്‍ തുടങ്ങും. സര്‍ക്കാരിന്റെ ആനുകൂല്യ പദ്ധതികള്‍ ജനങ്ങളിലെത്തിക്കുന്ന പിആര്‍ഡി സഹായകേന്ദ്രങ്ങള്‍ക്ക് തുടക്കം കുറിച്ചുള്ള പ്രഖ്യാപനവും കണ്ണൂരിലുണ്ടാകും.വൈകീട്ട് അഞ്ച് മണിക്ക് നടക്കുന്ന ഉദ്ഘാടന പരിപാടിയിലേക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെ മുഴുവന്‍ കക്ഷിനേതാക്കളെയും ക്ഷണിച്ചിട്ടുണ്ട്. കേരളാ കോണ്‍ഗ്രസ് പ്രതിനിധിയായി കെ.എം.മാണിയെ ആശംസാപ്രസംഗകരുടെ പട്ടികയിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

എന്നാല്‍ മന്ത്രിസഭാ വാര്‍ഷികവുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളും ബഹിഷ്ക്കരിക്കാനാണു യുഡിഎഫ് തീരുമാനം. ആശംസാപ്രസംഗകരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉപനേതാവ് എം.കെ.മുനീര്‍, അനൂപ് ജേക്കബ് എംഎല്‍എ എന്നിവരും ചടങ്ങിലേക്കു ക്ഷണം ലഭിച്ച പ്രതിപക്ഷ എംഎല്‍എമാരും പങ്കെടുക്കുന്നില്ല എന്നറിയിച്ചിട്ടുണ്ട്. ഇതോടെ മന്ത്രിസഭാ വാര്‍ഷികാഘോഷം എല്‍ഡിഎഫ് പരിപാടിയായി മാറും. ഈ ചടങ്ങില്‍ കെ.എം.മാണി പങ്കെടുക്കുമോ അതോ യുഡിഎഎഫ് എംഎല്‍എ മാരെപ്പോലെ വിട്ടുനില്‍ക്കുമോ എന്നറിയാനാണ് ആകാംക്ഷ.

ഈ മാസം 30 ന് തിരുവനന്തപുരത്ത് വച്ചാണ് സമാപനം. ജില്ലാ തല പരിപാടികള്‍ ഇതിനിടയില്‍ പൂര്‍ത്തീകരിക്കും. ഹാന്‍ഡ്ബുക്കുകള്‍, മള്‍ട്ടിമീഡിയ ഷോ, പ്രദര്‍ശനങ്ങള്‍ തുടങ്ങി ബൃഹത് പ്രചാരണങ്ങള്‍ക്കാണ് രണ്ടാം വാര്‍ഷികാഘോഷത്തോടെ തുടക്കമാകുന്നത്.