Asianet News MalayalamAsianet News Malayalam

മുഖ്യമന്ത്രി പറയുന്നു.... ''നമ്മുടെ കരുത്ത് മതി, നാട് പുതുക്കിപ്പണിയാൻ''

പ്രളയം തകര്‍ത്ത കേരളത്തെ തിരികെ പിടിക്കാന്‍ കേരളത്തിന് മുന്നിലുള്ള വെല്ലുവിളികളും സാധ്യതകളും എന്തെന്ന് വിശദീകരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍.  ഞങ്ങളുടെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ.ജി.കമലേഷ് മുഖ്യമന്ത്രിയുമായി നടത്തിയ അഭിമുഖത്തിന്‍റെ പൂര്‍ണരൂപം വായിക്കാം... 

pinarayi vijayan interview full text
Author
Trivandrum, First Published Aug 26, 2018, 1:47 PM IST
  • Facebook
  • Twitter
  • Whatsapp

പുതിയ കേരളം എന്ന പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയനാണ് നടത്തിയത്. എന്തു ചെലവ് വരും ഈ സ്വപ്നത്തിന്? എത്ര വലിയ നഷ്ടമാണ് ഉണ്ടായത്. ഇന്നലെ വൈകുന്നേരം വരെയുള്ള കണക്കുപ്രകാരം മാത്രം എഴുപതിനായിരം വീടുകളാണ് കേരളത്തിൽ തകർന്നത്. ഗ്രാമീണ റോഡുകളും ഗ്രാമീണ വ്യവസായ സ്ഥാപനങ്ങളും തകർന്ന ഒരു കേരളം. 

ആ കേരളത്തെയാണ് പുനരുജ്ജീവിപ്പിക്കേണ്ടത്. അതിനുള്ള പണം എവിടെനിന്ന് വരും? ആശയം ആര് തരും? പണവും ആശയവും ക്രോഡീകരിച്ച് എങ്ങനെ നമ്മൾ മുന്നോട്ടുപോകും? മുഖ്യമന്ത്രി പിണറായി വിജയൻ ഈ സ്വപ്നം കാണുമ്പോൾ അദ്ദേഹം ഉദ്ദേശിച്ചത് എന്താണ്? ഏഷ്യാനെറ്റ് ന്യൂസിന്റെ പുതിയ കേരളം ക്യാംപെയ്നില്‍ പങ്കെടുത്ത് മുഖ്യമന്ത്രി അദ്ദേഹത്തിന്റെ സ്വപ്നവും വീക്ഷണവും പങ്കുവച്ചു. ഞങ്ങളുടെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ.ജി.കമലേഷ് അദ്ദേഹവുമായി സംസാരിച്ചു.

അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാം...

മഹാപ്രളയത്തെ നമ്മൾ അതിജീവിക്കുകയാണ്. രാപ്പകലില്ലാതെ എല്ലാവരും തോളോടുതോൾ ചേർന്ന് കൈമെയ് മറന്ന് നൂറുകണക്കിനാളുകളെ ജീവന്റെ  തുരുത്തിലേക്ക് പിടിച്ചുകയറ്റി. ഇനിയുള്ളത് നവകേരളം കെട്ടിപ്പടുക്കലാണ്. തുടർന്നുള്ള എല്ലാ പുനർനിർമ്മാണ ദൗത്യങ്ങളിലും സംസ്ഥാന സർക്കാരിനൊപ്പം ഏഷ്യാനെറ്റ് ന്യൂസും ഉണ്ടാകും. ഞങ്ങളും ആ ദൗത്യത്തിൽ പുതിയ കേരളത്തിനായി പങ്കുചേരുകയാണ്.  

അടിയന്തരമായി ചെയ്യുന്നത്... ഇനി ചെയ്യേണ്ടത്...

കമലേഷ്: ഈ രക്ഷാദൗത്യത്തെ ഇതുവരെ രാപ്പകലില്ലാതെ ഏകോപിപ്പിച്ച, ദൗത്യത്തിന് മുൻകൈയ്യെടുത്ത, നവകേരളമാണ് ഇനിയുള്ള ദൗത്യമെന്ന് പ്രഖ്യാപിച്ച കേരളാമുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ ഏഷ്യാനെറ്റ് ന്യൂസിനൊപ്പം പുതിയ കേരളം ചർച്ചയിൽ ചേരുന്നു. സ്വാഗതം സി.എം. രക്ഷാദൗത്യം പൂർത്തിയായ രാത്രിയിൽ അങ്ങു പറഞ്ഞു ഇനിയാണ് യഥാർത്ഥ ദൗത്യമെന്ന്. അന്ന് സി.എം ഉപയോഗിച്ച വാക്ക് സർക്കാർ എന്നല്ല 'നമ്മളങ്ങോട്ട് ഇറങ്ങുകയല്ലേ' എന്നാണ്. എല്ലാവരേയും ഒരുമിപ്പിക്കുമെന്ന്. ലക്ഷക്കണക്കിനാളുകൾ ക്യാമ്പിലുണ്ട്, തിരിച്ചുവീട്ടിലേക്കു വരുമ്പോൾ അവരുടെ കാഴ്ച കരളലിയിക്കുന്നതാകും. ഇവരെയൊക്കെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ എന്തെല്ലാം ചെയ്യുന്നു?

മുഖ്യമന്ത്രി: ഇതിൽ രണ്ടുമൂന്ന് ഘട്ടങ്ങളുണ്ട്. ഒന്ന്, ഇപ്പോ ക്യാമ്പിലുള്ളവര് തിരിച്ച് വീടുകളിലേക്ക് എത്തുക എന്നതാണ്. അതിൽ നല്ല പുരോഗതിയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. വീട് താമസിക്കാൻ പറ്റുന്ന തരത്തിൽ നിലനിൽക്കുന്നവർക്കെല്ലാം വീട്ടിലേക്കു പോകാനുള്ള സൗകര്യം ഒരുക്കുന്നതിന് വിപുലമായ സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. അതിന്റെ  ഭാഗമായി വീട് വൃത്തിയാക്കൽ നടക്കുന്നു, പരിസരങ്ങൾ വൃത്തിയാക്കുന്നു, കിണറുകൾ ശുചിയാക്കുന്നു.. മറ്റ് ജലസ്ത്രോസുകൾ ശുദ്ധീകരിക്കുന്നതിനുള്ള നടപടികൾ നീങ്ങുന്നു. 

മുമ്പ് എല്ലാ സൗകര്യങ്ങളോടും കൂടി സ്വന്തം വീടുകളിൽ താമസിച്ചവരാണ്. ഇപ്പോൾ വീട്ടിനകത്തുള്ള പാത്രങ്ങൾ പോലും നശിച്ചുപോയിട്ടുണ്ടാകും. അവർക്ക് സ്വന്തം വീടുകളിൽ താമസിക്കാനുള്ള മറ്റ് സൗകര്യങ്ങൾ, മറ്റ് പിന്തുണ വേണ്ടതുണ്ട്. അതിനാണ് സർക്കാരിപ്പോൾ പതിനായിരം രൂപ ഓരോ കുടുംബത്തിനും നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്. 3800 രൂപയാണ് സാധാരണനിലയ്ക്ക് ലഭിക്കുക. എന്നാൽ നമ്മുടെ പ്രത്യേകത കണക്കിലെടുത്തുകൊണ്ട് 6200 രൂപ കൂടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് നൽകുകയാണ്. ഇതുകൊണ്ടും പൂർ‍ണ്ണമാകില്ല. മറ്റുകാര്യങ്ങൾ ചെയ്യുന്നതിന്, ഓരോ വീട്ടിലും ആവശ്യമായ സൗകര്യങ്ങളൊരുക്കുന്നതിന് ഒരു പലിശരഹിത വായ്പാ സംവിധാനം ഒരുക്കുന്നതിനും സർക്കാർ നടപടികൾ സ്വീകരിക്കുകയാണ്. 

ഇതൊരു പൊതുവായ കാര്യം, എന്നാൽ വീടില്ലാത്തവരുണ്ട്, നഷ്ടപ്പെട്ടു പോയവരുണ്ട്. അവർക്ക് വീട് നിർമ്മിച്ചു നൽകാനുള്ള നടപടികൾ സ്വീകരിക്കും. അതിവേഗത്തിൽ തന്നെ ആ നടപടികളിലേക്ക് കടക്കുകയാണ്. അതോടൊപ്പം വീടും സ്ഥലവും നഷ്ടപ്പെട്ടു പോയവരുണ്ട്. അതായത് മണ്ണെല്ലാം ഉരുൾപൊട്ടി ഒലിച്ചുപോയിട്ടുണ്ട്. അവർക്കിനി അവിടെ താമസിക്കാൻ പറ്റില്ല. അത്തരം കേസുകളിൽ പ്രത്യേകം സ്ഥലം എടുക്കേണ്ടതായിട്ടു വരും. അതിന് ആറ് ലക്ഷം രൂപ അനുവദിക്കുന്ന നിലയും സ്വീകരിക്കും. അത് ഏറെക്കുറെ വേഗം പൂർത്തിയാകും എന്നാണ് തോന്നുന്നത്. 

ചിലർക്ക് ഇനി താമസിക്കണമെങ്കിൽ നല്ലരീതിയിൽ വീടിന്റെ അറ്റകുറ്റപ്പണികൾ തീർക്കേണ്ടതുണ്ട്. ചെറിയ അറ്റകുറ്റപ്പണികൾ വേണ്ടവരുണ്ട്, വലിയ ജോലികൾ തീർക്കേണ്ടവരുണ്ട്. അതിന് വലിയ ചെലവ് വേണ്ടിവരും. വീടുകൾ പൂ‍‍ർവസ്ഥിതിയിലാക്കുന്നതിന് കേടുപാടുകളുടെ തോതനുസരിച്ചുള്ള തുക സർക്കാർ നൽകും. അതിനുള്ള നടപടികൾ സ്വീകരിച്ചുവരുകയാണ്. ഇത്തരമൊരു പദ്ധതി സർക്കാർ തയ്യാറാക്കുമ്പോൾ തന്നെ ഇക്കാര്യത്തിൽ സഹായിക്കാൻ സന്നദ്ധതയുള്ള മുഴുവൻ ആളുകളേയും ഏകോപിപ്പിക്കാൻ സർക്കാർ തയ്യാറാകും. അതിൽ വ്യക്തികൾ മുതൽ വലിയ കോ‍ർപ്പറേറ്റുകൾ വരെ എല്ലാവരേയും ഏകോപിപ്പിക്കാനുള്ള നടപടികളിലേക്ക് നീങ്ങാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.

എന്നാലിത് കേവലം പുനരധിവാസവുമായി ബന്ധപ്പെട്ട പ്രശ്നം മാത്രമല്ല. വ്യക്തികൾക്ക് സംഭവിച്ച കാര്യമാണ് ഈ പറഞ്ഞത്. എന്നാൽ നമ്മുടെ നാടിന് വലിയ ക്ഷതമേറ്റിട്ടുണ്ട്. ഓരോ പ്രദേശത്തിനും ക്ഷതമേറ്റിട്ടുണ്ട്. അത് പഴയ സ്ഥിതിയിലാക്കിയാൽ പോരാ. സർക്കാർ കാണുന്നത് നഷ്ടപ്പെട്ടു പോയതിനെ അതേ രീതിയിൽ തിരിച്ചു കൊണ്ടുവരുക എന്നതല്ല. ഒരു പുതിയ കേരളത്തിലേക്ക് നമുക്ക് മാറാനാകണം. നവകേരളം എന്നു നമ്മൾ സാധാരണ പറയാറില്ലേ? ആ നവകേരളസൃഷ്ടിക്കുള്ള ഏറ്റവും പ്രധാന അടിത്തറയായി ഇതിനെ നാം കാണണം. 

അതിന്റെ ഭാഗമായി ഇത്തരം നഷ്ടങ്ങളൊക്കെ നിലനിൽക്കുമ്പോൾ തന്നെ, എങ്ങനെ പുതുക്കിപ്പണിയാം? അത് സംബന്ധിച്ച് അന്താരാഷ്ട്രതലത്തിലും ദേശീയതലത്തിലുമുള്ള വിദഗ്ധരുടെ അഭിപ്രായവും ഉപദേശവും നാം തേടും. അതിന്റെ ഭാഗമായി സമയബന്ധിതമായി കാര്യങ്ങൾ നടപ്പിലാക്കാൻ നാം തയ്യാറാകും. അവിടെ നമ്മളെല്ലാവരും ഒന്നിച്ചുനിൽക്കേണ്ട ആവശ്യം വരും. എല്ലാവരും കൂടി സഹകരിച്ചാൽ ആ കാര്യങ്ങൾ നമുക്ക് ഭംഗിയായി പൂർത്തിയാക്കാനാകും.

നമ്മുടെ നാടിന്‍റെ കരുത്ത് നാം തിരിച്ചറിയണം...

കമലേഷ്: ഫണ്ടിന്റെ ലഭ്യത ഒരു പ്രശ്നമായി വരില്ലേ സി.എം...? നമ്മൾ ചെറിയൊരു സംസ്ഥാനമാണ് സിഎമ്മിന്റെ വാക്ക് കടമെടുത്താൽ 'ഒരു പഞ്ചവത്സര പദ്ധതിയുടെ അത്രയും തുക വേണ്ടിവരും പുനഃർനിർമ്മാണത്തിന്. ഒരുപാട് വിദേശരാജ്യങ്ങളും സംഘടനകളുമൊക്കെ വാഗ്ദാനങ്ങൾ തരുന്നുണ്ട്. യുഎഇയുടെ വാഗ്ദാനമൊക്കെ തടസ്സത്തിൽപ്പെട്ടെങ്കിലും അങ്ങ് ആത്മവിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ട്. അതൊക്കെ മാറി ഫണ്ട് എങ്ങനെ രൂപീകരിക്കും. അതൊരു തടസ്സമല്ലേ...?

മുഖ്യമന്ത്രി: അത്തരം ഫണ്ടുകളൊക്കെ നമുക്ക് ലഭിക്കും എന്നുതന്നെയാണ് ഞാൻ കരുതുന്നത്. കാരണം ദുരിതത്തെ സഹായിക്കാൻ വരുന്നവരെ തടയുന്ന ഒരു രീതി സാധാരണ ഒരിടത്തും സ്വീകരിക്കാറില്ല. ഇപ്പോൾ ചില ആശയക്കുഴപ്പങ്ങളൊക്കെ ഉണ്ടെങ്കിലും അത് പരിഹരിക്കും എന്നുതന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. അതോടൊപ്പം കേന്ദ്രഗവൺമെന്റിന്റെ മതിയായ സഹായം ഇതോടൊപ്പം ഉണ്ടാകുമെന്നും പ്രതീക്ഷിക്കുകയാണ്.

ഇതിനെല്ലാം പുറമേ, നമ്മുടെ ശക്തി നാം തിരിച്ചറിയണം. നമ്മുടെ ശക്തി എന്നു പറഞ്ഞാൽ സംസ്ഥാനത്തിന്റെ  ഖജനാവിന്റെ ശക്തിയല്ല. പക്ഷേ നമ്മുടെ നാടിന്റെ ഒരു കരുത്തുണ്ട്. നമ്മുടെ നാട് ലോകമെങ്ങും വ്യാപിച്ചുകിടക്കുകയാണ്. ഇതിലെ ഓരോരുത്തരും ജോലിയെടുക്കുന്നവരാണ്. അങ്ങനെയുള്ളവരെല്ലാം ഒരു മാസത്തെ ശമ്പളം ഈ കാര്യത്തിന് നൽകുന്നു എന്ന് നമ്മൾ സങ്കൽപ്പിക്കുക. 

ഇപ്പോ ഞാനൊരു സങ്കൽപ്പമാണ് പറയുന്നത്, പക്ഷേ യാഥാർത്ഥ്യമാകാൻ പോകുന്ന ഒരു കാര്യമാണ് ഞാൻ പറയുന്നത്. ഒരു മാസത്തെ ശമ്പളം ഒന്നിച്ചു കൊടുക്കാൻ വിഷമം ആയിരിക്കും. എന്നാൽ ഒരു മാസം മൂന്നു ദിവസത്തെ ശമ്പളം കൊടുത്താലോ? അങ്ങനെ പത്തു മാസം കൊണ്ട് മുപ്പതു ദിവസത്തെ ശമ്പളം കൊടുത്താലോ? നമുക്കു കിട്ടുന്ന കോടികൾ എത്രയായിരിക്കും? ഇവിടെയുള്ളവർ മാത്രമല്ല, രാജ്യത്തും ലോകത്തും എല്ലാമുള്ള മലയാളികൾ... ഇത്തരമൊരു ഘട്ടത്തിൽ എന്റെ നാട് പുതുക്കിപ്പണിയണം എന്ന രീതിയിൽ സഹകരിക്കാൻ തയ്യാറായാൽ നമുക്കു പണത്തിന് ഒരു ക്ഷാമവും വരില്ല. എല്ലാവരും സഹകരിക്കും എന്നുതന്നെയാണ് പ്രതീക്ഷിക്കുന്നത്. 

കമലേഷ്: അതിനെന്തെങ്കിലും ബോണ്ടോ, അങ്ങനെയെന്തെങ്കിലും നമ്മൾ ആലോചിക്കുന്നുണ്ടോ?

മുഖ്യമന്ത്രി: അത് ചർച്ച ചെയ്യേണ്ട, ആലോചിക്കേണ്ട കാര്യമാണ്, എല്ലാ കാര്യങ്ങളും ആലോചിക്കാം നമുക്ക്. അതെല്ലാം ആലോചിക്കണം എന്നു തന്നെയാണ് സർക്കാർ കാണുന്നത്.

കമലേഷ്: പുനർനിർമ്മാണം വേണമെന്നു പറയുമ്പോഴും മാധവ് ഗാഡ്ഗില്ലിനെപ്പോലെയുള്ളവർ ചൂണ്ടിക്കാണിച്ച പോലെ പ്രകൃതിയെ കുറച്ചുകൂടി സംരക്ഷിക്കണം എന്ന തോന്നൽ കൂടിയാണ് ഈ പ്രളയം തരുന്നത് എന്ന് പറയുന്നുണ്ട്. നിർമ്മാണത്തിലൊക്കെ കുറച്ചുകൂടി കർക്കശമായ രീതികളിലേക്ക് ഒക്കെ പോകേണ്ടതല്ലേ?

മുഖ്യമന്ത്രി: ചില പ്രശ്നങ്ങൾ നാം കാണേണ്ടിവരും. ഇപ്പോൾ വെള്ളം എവിടെവരെ എത്തി, അതൊക്കെ മാർക്ക് ചെയ്തു പോകേണ്ടതായിട്ടുണ്ട്. അങ്ങനെ അടയാളപ്പെടുത്തി പോകുമ്പോൾ ചില പ്രദേശങ്ങളിൽ നമുക്കിനി വീടുകൾ നിർമ്മിക്കാൻ പറ്റുമോ..? കെട്ടിടങ്ങൾ നിർമ്മിക്കാൻ പറ്റുമോ...? ഇതൊരു പ്രശ്നമാണ് നമ്മുടെ മുമ്പിൽ. അതോടൊപ്പം തന്നെ ചിലയിടങ്ങളിൽ നിർമ്മിക്കുന്ന കെട്ടിടങ്ങൾ, അതിന്റെ അപകടസാധ്യത കൂടി കണക്കിലെടുത്തുകൊണ്ടുള്ള പ്രത്യേകതരം കെട്ടിടങ്ങളായിരിക്കണം. അതിന് പ്രത്യേക നിബന്ധനകളും വയ്ക്കണം. അത്തരം കാര്യങ്ങളും നമുക്ക് ആലോചിക്കേണ്ടതായിട്ട് വരും. അത് ആലോചിക്കേണ്ട ഘട്ടം ആകുന്നതേയുള്ളൂ. സ്വാഭാവികമായും അത് ആലോചിക്കും എന്നുതന്നെയാണം പറയാനുള്ളത്. 

എല്ലാം ശരിയാവും എനിക്ക് പ്രതീക്ഷയുണ്ട്...

കമലേഷ്:  രാഷ്ട്രീയത്തിനതീതമായ ഒരു പിന്തുണ ഈ ഘട്ടത്തിൽ കിട്ടി. കേന്ദ്രസർക്കാർ വല്ലാതെ പിന്തുണച്ചു. പ്രതിപക്ഷം ഒരു ഘട്ടത്തിൽ ചില ആരോപണങ്ങളൊക്കെ ഉന്നയിച്ചു, മറുപടിയും പറഞ്ഞു. എങ്കിലും വലിയ പിന്തുണ ഉണ്ടായിരുന്നില്ലേ? വിദേശ രാജ്യങ്ങളുടെ പിന്തുണയുടെ കാര്യത്തിൽ ചില ആശയക്കുഴപ്പങ്ങളുണ്ട്. അതുകൂടി മാറാൻ കേന്ദ്രത്തിന് കത്തയക്കുമോ? ഏതെങ്കിലും തരത്തിലുള്ള ചർച്ചാനീക്കങ്ങളുണ്ടോ?

മുഖ്യമന്ത്രി: അതില് ഞാൻ കാണുന്നത്, ഇത്തരമൊരു കാര്യം ലോകത്തോട് ആദ്യം പറയാൻ യുഎഇ ഭരണാധികാരിയും നമ്മുടെ പ്രധാനമന്ത്രിയും തയ്യാറായിട്ടുണ്ട്. യുഎഇയുടെ സഹായവാ​ഗ്ദാനം ലഭിച്ചപ്പോൾ അതിന് നന്ദി പറഞ്ഞു കൊണ്ട്   പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. യുഎഇയും പറഞ്ഞു. സാധാരണ നിലക്ക് അത് സ്വീകരിക്കാൻ പോകുന്നു എന്നുതന്നെയാണ് പ്രതീക്ഷിക്കുന്നത്. ആ പ്രതീക്ഷയിലാണ് ഞാനിപ്പോഴും നിൽക്കുന്നത്. 

കമലേഷ്: പിന്നെ ആ നിലപാടിലൊരു മാറ്റമുണ്ടായല്ലോ? 700 കോടി ഇല്ല എന്നൊക്കെ പറഞ്ഞല്ലോ. ആ കാര്യത്തിൽ വല്ല സമ്മർദ്ദമോ മറ്റോ ഉണ്ടായിരിക്കുമോ?

മുഖ്യമന്ത്രി: നമ്മുടെ നാട്ടിൽ ചില പ്രത്യേക രീതികളുണ്ടല്ലോ, ചോദിച്ചത് ഭരണാധികാരിയോട് അല്ലാല്ലോ. അവര് തമ്മിൽ സംസാരിച്ച കാര്യം എന്താണെന്ന് അവർക്കല്ലേ അറിയൂ. തുകയുടേതല്ലല്ലോ ഇവിടെ പ്രശ്നം. ആ സഹായം സ്വീകരിക്കാൻ തയ്യാറുണ്ടോ? അതാണ് പ്രശ്നം. സഹായം സ്വീകരിക്കാൻ തയ്യാറുണ്ടെങ്കിൽ സഹായം നൽകാൻ അവർ തയ്യാറാണ് എന്ന നില വന്നിട്ടുണ്ട്. 

തുകയെക്കുറിച്ച് നമുക്ക് ഒരു ധാരണയുണ്ട്. അത് ഈ പറഞ്ഞുകേട്ടത്. അതല്ല എങ്കിൽ കേന്ദ്രഗവൺമെന്റ് ആണ് അത്രയല്ല പറഞ്ഞത് എന്നു പറയേണ്ടത്. 700 കോടി എന്നു പറഞ്ഞത് ശരിയല്ല, 700 കോടി പറഞ്ഞിട്ടില്ല, ഇത്രയാണ് പറഞ്ഞത് എന്നു പറയട്ടെ. അങ്ങനെ ഒരു വർത്തമാനം ഇതുവരെ വന്നിട്ടില്ലല്ലോ. ഒരു ചെറിയ ആശയക്കുഴപ്പം അവിടെ നിലനിൽക്കുന്നതാണ്. അത് പരിഹരിച്ചുപോകും എന്നാണ് പ്രതീക്ഷിക്കുന്നത്. 

കമലേഷ്: രേഖകൾ നഷ്ടപ്പെട്ടവർക്ക് ഓൺലൈനായി അപേക്ഷിക്കാം എന്ന് സി.എം പറഞ്ഞു. പക്ഷേ നമ്മുടെ സംവിധാനം പലപ്പോഴും വളരെ പതിയെ പോകാറുണ്ട്. അതൊന്ന് വേഗത്തിലാക്കാൻ, അതിന് പ്രത്യേക വകുപ്പുണ്ടാകുമോ? എന്താണ് ചെയ്യാൻ പോകുന്നത്?

മുഖ്യമന്ത്രി: സഹായധനം കിട്ടുന്നതിന് പ്രത്യേക അപേക്ഷയൊന്നും വേണ്ട. രേഖകൾ കിട്ടാൻ അപേക്ഷ വേണം. എന്റെ നഷ്ടപ്പെട്ട രേഖ ഇതാണെന്ന് പറയണമല്ലോ. അത് കിട്ടിയാലല്ലേ രേഖ കൊടുക്കാനാകൂ. മറ്റു കാര്യങ്ങളൊക്കെ റിപ്പോർട്ടുകൾ പരിശോധിച്ച് അതിന്റെ അടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കും.

കമലേഷ്: പുനരധിവാസത്തിന് സർക്കാർ വകുപ്പുകളുടെ സഹായം വേണ്ടിവരും. അത് വേഗത്തിലാക്കാൻ...?

മുഖ്യമന്ത്രി: അതിനുള്ള എല്ലാ നടപടികളും സ്വീകരിക്കും.

കമലേഷ്: പ്രത്യേക വകുപ്പുണ്ടാക്കാൻ ആലോചിക്കുന്നുണ്ടോ? അതോ നിലവിലെ വകുപ്പുകൾ പരസ്പരം സഹകരിച്ചായിരിക്കുമോ തുടർപ്രവർത്തനങ്ങൾ.

മുഖ്യമന്ത്രി: നിലവിലുള്ള വകുപ്പുകൾ പ്രവർത്തിക്കട്ടെ, എന്നിട്ട് നമുക്ക് നോക്കാം. എങ്ങനെയാണ് വേണ്ടതെന്ന്

കമലേഷ്: സ്പെഷ്യൽ ഓഫീസറെ നിയമിക്കുമോ?

മുഖ്യമന്ത്രി: അത് പിന്നീടുള്ള കാര്യങ്ങളല്ലേ...? അത് പിന്നീട് ആലോചിക്കേണ്ടതാണ്. ഇതിപ്പോൾ മൊത്തം ഒരു ആശയമല്ലേ ആയിട്ടുള്ളൂ... ഉടൻതന്നെ നമുക്ക് മറ്റു നടപടികളിലേക്ക് നീങ്ങാം.

കമലേഷ്: ഇത്രയധികം സമയം ഏഷ്യാനെറ്റ് ന്യൂസുമായി സഹകരിച്ചതിന് മുഖ്യമന്ത്രിക്ക് നന്ദി. സംസ്ഥാന സർക്കാരിന്റെി കേരളം പുനർനിർമ്മിക്കാനുള്ള എല്ലാ പ്രവർത്തനങ്ങൾക്കും ഞങ്ങളുടേയും പിന്തുണ ഉണ്ടാകും. 

മുഖ്യമന്ത്രി: നന്ദി... നന്ദി.

Follow Us:
Download App:
  • android
  • ios