തിരുവനന്തപുരം: തിരുവനന്തപുരം: പോലീസ് ആസ്ഥാനത്തിന് മുൻപിൽ ജിഷ്ണു പ്രണോയിയുടെ മാതാവിനെയും ബന്ധുക്കളെയും തല്ലിച്ചതച്ച സംഭവത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി രംഗത്തി. ഡിജിപിയെ കാണാൻ എത്തിയ ജിഷ്ണുവിന്‍റെ ബന്ധുക്കൾക്ക് ഒപ്പം വന്നവരാണ് പ്രശനമുണ്ടാക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഡിജിപിയെ കാണണമെന്നായിരുന്നു അവരുടെ ആവശ്യം.

അദ്ദേഹം കാണാൻ സന്നദ്ധനായിരുന്നു. എന്നാൽ ഇവർക്കൊപ്പം വന്ന ബിജെപി, എസ യുസിഐ സംഘടനകളിലെ പ്രവർത്തകരും തോക്കുസ്വാമി പോലെയുള്ള ആളുകളും പ്രശ്നങ്ങൾ സൃഷ്ടിക്കുകയായിരുന്നുവെന്നാണ് താൻ മനസിലാക്കിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പോലീസ് ആസ്ഥാനത്ത് സമരം ചെയ്യണമെന്ന് പറഞ്ഞതാണ് പോലീസ് തടയാൻ ശ്രമിച്ചത്. സാധാരണ പോലീസ് ആസ്ഥാനത്ത് സമരം നടക്കാറില്ല. ഈ സമരം തടയാൻ ശ്രമിച്ചപ്പോൾ ജിഷ്ണുവിന്‍റെ ബന്ധുക്കളല്ലാത്തവർ പ്രശ്നങ്ങൾ സൃഷ്ടിക്കുകയായിരുന്നു. ഏതായാലും സംഭവത്തെക്കുറിച്ച് പരിശോധിക്കാൻ ഐജി മനോജ് എബ്രഹാമിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജിഷ്ണുവിന്‍റെ അമ്മയ്ക്കും ബന്ധുക്കൾക്കും എന്താണ് പറയാനുള്ളതെന്ന് ഡിജിപി ആരാഞ്ഞിട്ടുണ്ട്. അവർ അദ്ദേഹത്തെ സന്ദർശിക്കുമെന്നാണ് താൻ കരുതുന്നതെന്നും അതിന് ശേഷം മറ്റ് കാര്യങ്ങൾ പ്രതികരിക്കാമെന്നും താൻ അവരെ കാണുന്നില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.