തിരുവനന്തപുരം: എകെജി സെന്‍ററില്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കൂടിക്കാഴ്ച നടത്തുന്നു. തോമസ് ചാണ്ടിയുടെ രാജി ഒഴിവാക്കാനായി എന്‍സിപി നേതാക്കളുടെ സമ്മര്‍ദ്ദം തുടരുന്നതിനിടെയാണ് മുഖ്യമന്ത്രിയും കോടിയേരിയും കൂടിക്കാഴ്ച നടത്തുന്നത്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും മുഖ്യമന്ത്രിയെ കാണും.

എല്‍ഡിഎഫ് യോഗത്തിന് മുന്നോടിയായുള്ള ഉഭയകക്ഷി ചര്‍ച്ചയാണ് നടക്കുന്നതെന്നാണ് വിവരം. മന്ത്രി തോമസ് ചാണ്ടിയുടെ രാജി സംബന്ധിച്ച് എല്‍ഡിഎഫില്‍ ഇന്ന് നിലപാടെടുക്കും. അതേസമയം കായല്‍ കയ്യേറിയെന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ തോമസ് ചാണ്ടി രാജി വയ്ക്കേണ്ടെന്ന് തന്നെയാണ് എന്‍സിപി സംസ്ഥാന നേതൃത്വം ആവര്‍ത്തിക്കുന്നത്. എ.കെ ശശീന്ദ്രന്‍ കുറ്റവിമുക്തനായി തിരിച്ചുവന്നാല്‍ മാത്രം തോമസ് ചാണ്ടി രാജി വച്ചാല്‍ മതിയെന്നാണ് എന്‍സിപി ആക്ടിംഗ് പ്രസിഡന്‍റ് പീതാംമ്പരന്‍ മാസ്റ്റര്‍ വ്യക്തനാക്കിയത്.