തിരുവനന്തപുരം: പരാതി ലഭിച്ച ഉടന്‍ കേസ് രജിസ്റ്റര്‍ ചെയ്യരുതെന്ന് വിജിലന്‍സിനോട് മുഖ്യമന്ത്രി പിണറായി വിജയന്‍. കോടതി വിധിക്കള്‍ക്കനുസരിച്ച് കേസെടുക്കാമെന്നും വിജിലന്‍സിന് ലഭിക്കുന്ന പരാതികള്‍ ബന്ധപ്പെട്ട വകുപ്പുകളില്‍ പരിശോധനയ്ക്ക് അയക്കണമെന്നും വിജിലന്‍സ് ഉദ്യോഗസ്ഥരുടെ ഉന്നതതലയോഗത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി.
ബന്ധപ്പെട്ട വകുപ്പുകളിലെ പരിശോധനയ്ക്കുശേഷം ആവശ്യമെങ്കില്‍ മാത്രം കേസ് രജിസ്റ്റര്‍ ചെയ്താല്‍ മതിയെന്ന് യോഗത്തില്‍ ധാരണയായി. ഹൈക്കോടതി വിധി മാനിച്ച് പ്രവര്‍ത്തിക്കാനും അഴിമതിക്കെതിരെ വിട്ടുവീഴ്ച ഇല്ലാത്ത നടപടി സ്വീകരിക്കാനും യോഗത്തില്‍ ധാരണയായി.
ഹൈക്കോടതിയില്‍ നിന്നും വിജിലന്‍സിനെതിരെ നിരന്തരമായി വിമര്‍ശനങ്ങള്‍ ഉണ്ടായ സാഹചര്യത്തിലാണ് വിജിലന്‍സിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം മുഖ്യമന്ത്രി വിളിച്ചത്. കേസന്വേഷണത്തിന്റെ ഭാഗമായി ഹൈക്കോടതി നല്‍കിയിട്ടുള്ള നിര്‍ദ്ദേശങ്ങളും യോഗം ചര്‍ച്ച ചെയ്തു.
