വിഴിഞ്ഞം പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെയ്‌ക്കണമെന്ന വി.എസ്. അച്യുതാനന്ദന്റെ ആവശ്യം തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോപണങ്ങള്‍ ഉയര്‍ന്നത് കൊണ്ട് മാത്രം പദ്ധതി ഉപേക്ഷിക്കില്ലെന്നും അങ്ങനെ ആരും കരുതേണ്ടെന്നും വിഴിഞ്ഞത്ത് ബര്‍ത്ത് പൈലിങ് ഉദ്ഘാടനം ചെയ്യവെ മുഖ്യമന്ത്രി പറഞ്ഞു. അഴിമതി ഉണ്ടെങ്കില്‍ പഴുതുകളടച്ച് തന്നെ മുന്നോട്ട് പോകും. എന്നാല്‍ സ്വപ്ന പദ്ധതി നടപ്പാക്കാന്‍ തന്നെയാണ് സര്‍ക്കാറിന്റെ തീരുമാനം. പ്രതീക്ഷയ്‌ക്കൊത്ത വേഗത്തില്‍ തന്നെ പദ്ധതി പൂര്‍ത്തീകരിക്കുമെന്നും സംസ്ഥാനത്തിന്റെ വികസനം മുന്‍ നിര്‍ത്തിയുള്ള ദീര്‍ഘകാല പദ്ധതികളില്‍ പ്രധാനപ്പെട്ടതാണ് വിഴിഞ്ഞമെന്നും അദ്ദേഹം പറഞ്ഞു.
ജുഡിഷ്യല്‍ അന്വേഷണം തീരുംവരെ വിഴിഞ്ഞം തുറമുഖ നിര്‍മ്മാണ പദ്ധതി നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ടാണ് ഇന്ന് മുഖ്യമന്ത്രിക്ക് ഭരണ പരിഷ്കരണ കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍ കത്ത് നല്‍കിയത്. ബെര്‍ത്ത് പൈലിംഗ് ഉദ്ഘാടനം ഇന്ന് വൈകുന്നേരം നിശ്ചയിച്ചിരിക്കെയായിരുന്നു വി.എസിന്റെ പ്രതിഷേധം. ഒരു ഭാഗത്ത് അന്വേഷണവും മറുവശത്ത് പദ്ധതിനിര്‍മ്മാണവുമെന്ന സര്‍ക്കാറിന്റെ നിലപാട് ശരിയല്ലെന്ന വിലയിരുത്തലാണ് വി.എസിന്. സംസ്ഥാനത്തിന് കനത്തനഷ്‍ടമാണെന്ന് സി.എ.ജി ചൂണ്ടിക്കാണിച്ച സാഹചര്യത്തില്‍ ആദ്യം അന്വേഷണമാണ് തീര്‍ക്കേണ്ടത്. സി.എ.ജി കണ്ടെത്തിയ ക്രമേക്കടിന് പിന്നിലെ ഗൂഢാലോചനയാണ് അന്വേഷിക്കേണ്ടതെന്നും വിഎസ് ആവശ്യപ്പെട്ടിരുന്നു.
ഇതിനാണ് തൊട്ടുപിന്നാലെ പിണറായി വിജയന്‍ മറുപടി പറഞ്ഞത്. ഇതോടെ വി.എസിന്റെ പ്രതിഷേധം മറികടന്നും സര്‍ക്കാര്‍ വിഴിഞ്ഞം പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് വ്യക്തമായി.
