സന്തോഷത്തിന്റെ സന്ദര്‍ഭമാണിതെന്നായിരുന്നു ലാവ്‍ലിന്‍ കേസിന്റെ വിധിക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്റെ ആദ്യ പ്രതികരണം. എന്നാല്‍ കേസിന്റെ നിയമ പോരാട്ടങ്ങള്‍ക്ക് ഒപ്പം നിന്ന അഭിഭാഷകന്‍ എം.കെ ദാമോദരന്‍ ഇപ്പോള്‍ ഒപ്പമില്ലാത്തതിന്റെ ദുഖവും പിണറായി പങ്കുവെച്ചു.
ചില നിഗൂഢശക്തികള്‍ എല്ലാ കാലത്തും തന്നെ വേട്ടയാടാന്‍ ഉണ്ടായിരുന്നു. ആ ശക്തികള്‍ക്ക് ഈ വിധി തിരിച്ചടിയാണെന്നും പിണറായി പ്രതികരിച്ചു. കേസുമായി ബന്ധപ്പെട്ട എല്ലാ ഘട്ടങ്ങളിലും സത്യം തെളിഞ്ഞു. രാഷ്ട്രീയ പ്രേരിതമായി സി.ബി.ഐക്ക് മേല്‍ വന്ന സമ്മര്‍ദ്ദത്തിന്റെ ഫലമായാണ് ഇങ്ങനെയൊരു കേസ് ഉദയം ചെയ്തത്. സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ച വേളയില്‍ വലിയ വേട്ടയാടലുകള്‍ നടന്നു. തന്നെ മുന്‍നിര്‍ത്തി സി.പി.എമ്മിനെ വേട്ടയാടുന്നതാണ് അന്ന് കണ്ടത്. ഈ ദിവസം കാത്തിരുന്ന പലരുമുണ്ടായിരുന്നു. വലിയൊരുവിഭാഗം ജനങ്ങളും സത്യം നേരത്തെ തിരിച്ചറിഞ്ഞവരാണ്. എന്നാല്‍ നിഗൂഢ ശക്തികള്‍ എല്ലാ കാലത്തും വേട്ടയാടുന്നുണ്ടായിരുന്നു. അത്തരം ശക്തികള്‍ക്ക് വലിയ നിരാശയാണ് ഈ വിധി ഉണ്ടാക്കുന്നതെന്നും പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
