തിരുവനന്തപുരം: കേരളത്തിലേക്ക് പുതിയ ട്രെയിനുകള്‍ അനുവദിക്കാന്‍ റെയില്‍വെ ബോര്‍ഡ് ടൈംടേബിള്‍ കമ്മിറ്റി തയ്യാറാകാത്ത സാഹചര്യം ഒഴിവാക്കുന്നതിന് ഇടപെടണമെന്നാവശ്യപ്പെട്ട് റെയില്‍വെ മന്ത്രി പിയൂഷ് ഗോയലിന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. ദക്ഷിണ റെയില്‍വെയിലെ ചില ഉദ്യോഗസ്ഥരുടെ നിഷേധാത്മക നിലപാട് കാരണം മറ്റു സോണുകളില്‍ നിന്ന് കേരളത്തിലേക്ക് പുതിയ ട്രെയിനുകള്‍ അനുവദിക്കാന്‍ റെയില്‍വെ ബോര്‍ഡ് ടൈംടേബിള്‍ കമ്മിറ്റി തയ്യാറാകുന്നില്ലെന്ന് മുഖ്യമന്ത്രി കത്തില്‍ വ്യക്തമാക്കി.
കേരളത്തിലെ സ്റ്റേഷനുകളില്‍ പ്രത്യേകിച്ച്, തിരുവനന്തപുരത്ത് ട്രെയിനുകള്‍ നിര്‍ത്താന്‍ സ്ഥലമില്ലെന്ന കാരണം പറഞ്ഞ് മറ്റ് സോണുകളില്‍നിന്ന് കേരളത്തിലേക്ക് ട്രെയിനുകള്‍ അനുവദിക്കേണ്ടതില്ലെന്ന നിലപാടാണ് മുംബൈയില്‍ ചേര്‍ന്ന റെയില്‍വെ ബോര്‍ഡ് ടൈംടേബിള്‍ കമ്മിറ്റി യോഗത്തില്‍ ദക്ഷിണ റെയില്‍വെ ഉദ്യോഗസ്ഥര്‍ എടുത്തത്. അതിനാല്‍ മറ്റു സോണുകളില്‍നിന്ന് കേരളത്തിലേക്ക് ആവശ്യപ്പെട്ട ട്രെയിനുകള്‍ തമിഴ് നാട്ടിലേക്ക് തിരിച്ചുവിടുകയാണ്.
ജബല്‍പൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് അനുവദിക്കേണ്ട ട്രെയിന്‍ തിരുനല്‍വേലിയിലേക്ക് തിരിച്ചുവിടുന്നു. ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വെ കേരളത്തിലേക്ക് ആവശ്യപ്പെട്ട ലാല്‍കുവ-തിരുവനന്തപുരം എസ്ക്പ്രസ്സ് കോട്ടയം വഴി തിരുവനന്തപുരത്തേക്ക് ദീര്‍ഘിപ്പിക്കല്‍, കൊച്ചുവേളി-ബിക്കാനിര്‍ എക്സ്പ്രസ്സ് ആഴ്ചയില്‍ മൂന്നു ദിവസമാക്കല്‍, കൊച്ചുവേളി-ലോകമാന്യതിലക് എക്സ്പ്രസ്സ് ദിവസേനയാക്കല്‍ എന്നിവയെല്ലാം ദക്ഷിണ റെയില്‍വെ നിരസിക്കുകയാണ്.
ദക്ഷിണ റെയില്‍വെയിലെ ചില ഉദ്യോഗസ്ഥര്‍ എടുക്കുന്ന നിലപാട് കേരളത്തിന്‍റെ താല്പര്യത്തിന് എതിരാണ്. ദീര്‍ഘദൂര യാത്രയ്ക്ക് കേരളീയര്‍ മുഖ്യമായും ആശ്രയിക്കുന്നത് ട്രെയിനുകളാണ്. മാത്രമല്ല പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകള്‍ നല്ല ലാഭത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഇതെല്ലാം കണക്കിലെടുത്ത് ഇടപെടണമെന്നും ഇതര സോണുകളില്‍ നിന്ന് കേരളത്തിലേക്ക് ചോദിച്ച പുതിയ ട്രെയിനുകള്‍ അനുവദിക്കുകയും നിലവിലുളളവ ഓടുന്ന ദിവസങ്ങള്‍ വര്‍ധിപ്പിക്കുകുയും വേണമെന്നും ആവശ്യപ്പെട്ടു.
