പൊലീസിനെ ന്യായീകരിച്ച് പിണറായി വിജയന്‍

തിരുവനന്തപുരം: പൊലീസ് സേനയ്ക്ക് മാനുഷിക മുഖം നല്‍കാനാണ് സര്‍ക്കാര്‍ യത്നിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമകാലിക മലയാളം വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അടുത്ത കാലത്ത് പൊലീസിന് സംഭവിച്ച വീഴ്ചകളെപ്പറ്റിയുള്ള ചോദ്യത്തിനാണ് ആഭ്യന്തരമന്ത്രികൂടിയായ പിണറായി വിജയന്‍ പൊലീസിനെ ന്യായീകരിച്ച് രംഗത്തെത്തിയത്. സംസ്ഥാനത്ത് ക്രിമിനല്‍ കേസുകളുടെ എണ്ണം കുറഞ്ഞെന്നും സ്ത്രീ സുരക്ഷയിലും സ്ത്രീകള്‍ക്കെതിരെയുള്ള അക്രമണങ്ങള്‍ തടയുന്നതിനും വീട്ടുവീഴ്ചയില്ലാത്ത സമീപനമാണ് സര്‍ക്കാരിനുള്ളതെന്നും പിണറായി വാദിച്ചു.

വരാപ്പുഴ കസ്റ്റഡികൊലപാതകമടക്കം പൊലീസിന്‍റെ ക്രൂരതകള്‍ക്കെതിരെ മുഖ്യമന്ത്രി പരാമര്‍ശിച്ചില്ല. കേരള പൊലീസിന്‍റെ പ്രവര്‍ത്തനം രാജ്യത്തിന് മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെയും പറഞ്ഞിരുന്നു. വരാപ്പുഴ കൊലപാതകം സര്‍ക്കാരിനെതിരെയും പൊലീസിനെതിരെയും വലിയ വിമര്‍ശനങ്ങള്‍ക്ക് വഴി തെളിച്ചപ്പോഴും പൊലീസ് ക്രൂരതയെ തള്ളിപ്പറയാന്‍ മുഖ്യമന്ത്രി തയ്യാറായിരുന്നില്ല.