തിരുവനന്തപുരം: പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാകുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സംസ്ഥാന നേതൃയോഗങ്ങള്‍ക്ക് ശേഷം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, വി.എസ്.അച്യുതാനന്ദന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് യെച്ചൂരി സിപിഎമ്മിന്റെ നിയമസഭാകക്ഷി നേതാവായി പിണറായിയെ തീരുമാനിച്ച കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

വി.എസിനെ വലതുവശത്ത് ഇരുത്തി വിപ്ലവ കേരളത്തിന്റെ ഫിദല്‍ കാസ്‌ട്രോ ആണ് അദ്ദേഹമെന്ന് യെച്ചൂരി പറഞ്ഞു. വി.എസിന് പ്രത്യേക പദവികള്‍ എന്തെങ്കിലും നല്‍കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അടുത്ത അഞ്ച് വര്‍ഷം അദ്ദേഹത്തെ നിങ്ങള്‍ക്ക് നഷ്ടമാകില്ല എന്നാണ് ജനറല്‍ സെക്രട്ടറി മറുപടി നല്‍കിയത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണിയെ മുന്നില്‍ നിന്നും നയിച്ച പടക്കുതിരയാണ് വി.എസ്.കാസ്‌ട്രോയെ പോലെ അദ്ദേഹം പാര്‍ട്ടിക്ക് ഇനി നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും നല്‍കും. പാര്‍ട്ടി ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിട്ടതിന്റെ ഫലമാണ് മികച്ച വിജയമെന്നും സീതാറാം യെച്ചൂരി പറഞ്ഞു.