തിരുവനന്തപുരം: തലസ്ഥാനത്തെ സിപിഎം-ബിജെപി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആര്‍എസ്എസ്-ബിജെപി നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ചര്‍ച്ച നടത്തും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, ഒ രാജഗോപാല്‍ എംഎല്‍എ, കേരളത്തിലെ ആര്‍എസ്എസ് നേതാക്കള്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുക്കും. കൂടിക്കാഴ്ചയ്‌ക്ക് ശേഷം നേതാക്കള്‍ മാധ്യമങ്ങളെ കാണും.
സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനേയും പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയേയും ഗവര്‍ണര്‍ ഇന്നലെ വിളിച്ചു വരുത്തിയിരുന്നു. മുഖ്യമന്ത്രിയെ രാവിലെ 11.30നും പോലീസ് മേധാവിയെ 12.30നുമാണ് വിളിച്ചു വരുത്തിയത്. ഗവര്‍ണറുടെ ഓഫീസ് ഇക്കാര്യം സ്ഥിരീകരിച്ച് ട്വീറ്റ് ചെയ്തു. സമാധാനം പുലര്‍ത്താന്‍ കര്‍ശന ജാഗ്രത വേണമെന്ന് ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചു.
കുറ്റവാളികളെ കര്‍ശനമായി നേരടുമെന്ന് മുഖ്യമന്ത്രി അറിയിച്ചതായും ഗവര്‍ണര്‍ ട്വീറ്റ് ചെയ്തു. ആര്‍എസ്എസ് കാര്യവാഹകിന്റെ കൊലപാതകികളെ അറസ്റ്റ് ചെയ്‌തെന്ന് മുഖ്യമന്ത്രി ഗവര്‍ണറെ അറിയിച്ചു. ഡിജിപി ലോക്‌നാഥ് ബെഹ്‌റ, ക്രമസമാധാനനില വിശദീകരിച്ചുവെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു
