സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് മംഗളൂരുവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.  മംഗളൂരുവിലെത്തിയ കേരള മുഖ്യമന്ത്രി വാര്‍ത്താഭാരതി ദിനപത്രത്തിന്റെ പുതിയ ഓഫിസ് കെട്ടിട നിര്‍മാണോദ്ഘാടനവും സിപിഎം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മതസൗഹാര്‍ദ റാലിയും ഉദ്ഘാടനം ചെയ്യും. 

മതസൗഹാര്‍ദ റാലിയുടെ പ്രകടനം 2.30ന് അംബേദ്കര്‍ സര്‍ക്കിളില്‍ നിന്നാരംഭിക്കും. വൈകിട്ട് മൂന്നിന് നടക്കുന്ന പൊതു സമ്മേളനത്തിലും പിണറായി സംസാരിക്കും. അതേസമയം പിണറായിയെ തടയില്ലെന്ന് ബിജെപി വ്യക്തമാക്കി. എങ്കിലും സംഘര്‍ഷ സാധ്യത കണക്കിലെടുത്ത്  ഇന്നു രാവിലെ ആറു മുതല്‍ ഞായര്‍ വൈകീട്ട് ആറു വരെ മംഗളൂരുവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന പരിപാടിയെ നിരോധനാജ്ഞയുടെ പരിധിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

കേരളത്തില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കു നേരെ നടക്കുന്ന അക്രമത്തില്‍ പ്രതിഷേധിച്ചാണ് കേരളത്തില്‍ നിന്നുള്ള സിപിഎം നേതാവായ പിണറായി വിജയന്‍ മംഗളൂരുവില്‍ പ്രസംഗിക്കുന്നതു തടയാനായി സംഘപരിവാര്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ബിജെപിയും ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇത് വിവാദമായതോടെ ബിജെപി നിലപാടില്‍ നിന്ന് പിന്നോട്ട് പോയി. 

മംഗളൂരില്‍ എത്തുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയനെ  തടയേണ്ടെന്ന് സംഘപരിവാര്‍ തീരുമാനം. കേരള മുഖ്യമന്ത്രിയെ തടയില്ലെന്ന് തീരുമാനിച്ചതായി ബിജെപി നേതാവ് നളിന്‍ കുമാര്‍ കട്ടീല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഹര്‍ത്താലിലൂടെ പ്രവര്‍ത്തകര്‍ക്കിടയിലുള്ള പ്രതിഷേധം അറിയിക്കാനാണ് ഉദ്ദേശിച്ചത് എന്നും സംഘപരിവാര്‍ നേതാവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.