തിരുവനന്തപുരം: പൊതുഭരണ വകുപ്പിനെ നോക്കു കുത്തിയാക്കി മുഖ്യമന്ത്രിയുടെ ആകാശയാത്ര ഏര്‍പ്പാടാക്കിയത് സംസ്ഥാന പൊലീസ് മേധാവി. ഹെലികോപ്റ്റര്‍ വാടക്കെടുത്തതും വില പേശല്‍ നടത്തിയതും ഡിജിപിയാണെന്ന് റവന്യു സെക്രട്ടറിയുടെ ഉത്തരവില്‍ തന്നെ വ്യക്തമാക്കുന്നു. സുരക്ഷ മാത്രമാണ് ഒരുക്കിയതെന്ന ഡിജിപിയുടെ വാദമാണ് ഇതോടെ പൊളിയുന്നത്.

ചട്ടങ്ങളെല്ലാം കാറ്റില്‍പ്പറത്തിയാണ് മുഖ്യമന്ത്രിയുടെ ആകാശയാത്ര. മുഖ്യമന്ത്രിയുടെ ഔദ്യോഗിക യാത്രയുടെ ക്രമീകരണങ്ങള്‍ ചെയ്യുന്നത് മുഖ്യമന്ത്രിയുടെ ഓഫീസും പൊതുഭരണവകുപ്പുമാണ്. പക്ഷെ വിവാദയാത്രയില്‍ നടന്നത് അസാധാരണ നടപടികള്‍. ‍ഡിജിപി ലോക്നാഥ് ബെഹ്റയാണ് ബംഗലൂരിലെ കമ്പനിയില്‍ നിന്നും ഹെലികോപ്റ്റര്‍ വാടകയ്‌ക്ക് തരപ്പെടുത്തിയത്. മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ട് പ്രകാരമാണിതെന്നാണ് വിവരം.

കഴിഞ്ഞ മാസം 25ന് പൊലീസ് ആസ്ഥാനത്തുനിന്നും ഇതുസംബന്ധിച്ച കത്ത് റവന്യൂവകുപ്പിന് നല്‍കി. 26നായിരുന്നു തൃശൂരില്‍ നിന്നും തലസ്ഥാനത്തേക്കുള്ള മുഖ്യമന്ത്രിയുടെ യാത്ര. ഹെലികോപ്റ്റര്‍ കമ്പനിക്ക് പണമാവശ്യപ്പെട്ട പൊലീസ് ആസ്ഥാനത്തുനിന്നും അടുത്ത കത്ത് അയക്കുന്നത് കഴിഞ്ഞ മാസം 28ന്. 13 ലക്ഷം ചോദിച്ച കമ്പനിയോട് വിലപേശി എട്ടു ലക്ഷമാക്കിയെന്നാണ് റവന്യു സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നത്.

പിന്നാലെ എട്ട് ലക്ഷം അനുവദിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ആവശ്യപ്പെട്ടുവെന്നും വ്യക്തമാക്കുന്നു. പക്ഷെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഡിജിപി മലക്കം മറിഞ്ഞു.വിഐപികളുടെ ആകാശയാത്ര സംബന്ധിച്ചുള്ള സുരക്ഷാ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ട ഉത്തരവാിത്വം ഇന്റലിജന്‍സിനും അതത് ജില്ലാ പൊലീസ് മേധാവികള്‍ക്കുമാണുള്ളത്. വാഹനം വാടക്കെടുക്കലും വിലപേശലുമൊന്നും പൊലീസിന്റെ ഉത്തരവാദിത്വം അല്ലാതിരിക്കെയാണ് ചട്ടം ലംഘിച്ചുള്ള ഇടപെടലുകള്‍.