കോട്ടയം: ബാര്‍ കോഴ ആരോപണത്തിനു പിന്നില്‍ കോണ്‍ഗ്രസ് നേതാക്കളുടെ ഗൂഢാലോചനയെന്ന മാണി വിഭാഗം നേതാക്കളുടെ വിമര്‍ശനത്തോടു പ്രതികരിക്കാതെ കേരള കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ. ജോസഫ്. അതേ സമയം കോഴ ആരോപണത്തിനു പിന്നില്‍ ഗൂഢാലോചനയെന്നതു ഗൗരവമുള്ള വിഷയമെന്നു ജോസ് കെ. മാണി എംപി പ്രതികരിച്ചു. വിഷയം ചര്‍ച്ച ചെയ്യാന്‍ ഈ മാസം 17നു കോട്ടയത്ത് സ്റ്റിയറിങ് കമ്മിറ്റി ചേരാനാണു ധാരണ
ബാര്‍ കോഴ ആരോപണത്തെച്ചൊല്ലി രമേശ് ചെന്നിത്തലയ്ക്കും ഉമ്മന്‍ ചാണ്ടിക്കുമെതിരെ കേരള കോണ്‍ഗ്രസിന്റെ പോഷക സംഘടനാ നേതാക്കള്‍ പരസ്യവിമര്‍ശനം ഉന്നയിച്ചു . ഇതു കെ.എം. മാണി തള്ളിക്കളഞ്ഞതുമില്ല. അതേ സമയം ഗൂഡാലോചന ആരോപണത്തെ ശരിവയ്ക്കാനോ തള്ളിക്കളയാനോ പി.ജെ ജോസഫ് തയ്യാറാകുന്നില്ല.
യുഡിഎഫ് വിട്ടൊരു കളിക്കില്ലെന്ന നിലപാടിലാണു ജോസഫ് അനുകുലികള്‍. എന്നാല്‍ ചെന്നിത്തലയെ ഉന്നമിടുന്ന മാണി അനുകൂലികള്‍ നിയമസഭയില്‍ പ്രത്യേക ബ്ലോക്കാകണമെന്നാവശ്യം സജീവമാക്കുന്നു. ഗൂഡാലോചനാ പ്രശ്‌നം സ്റ്റിയറിങ് കമ്മിറ്റി ചര്‍ച്ച ചെയ്യുമെന്നാണു ജോസ് കെ. മാണി വ്യക്തമാക്കുന്നത്.
പാലായിലടക്കം കോണ്‍ഗ്രസ് കാലുവാരലുണ്ടായി എന്ന പരാതി നിലനില്‍ക്കെ ജില്ലാ തല നേതാക്കളെ കോട്ടയത്തു വിളിച്ചു വരുത്തി തെരഞ്ഞെടുപ്പ് വിലയിരുത്തല്‍ സംസ്ഥാന നേതൃത്വം നടത്തുന്നുവെന്നതും ശ്രദ്ധേയമാണ്. സ്റ്റിയറിങ് കമ്മിറ്റിക്ക് മുന്നോടിയായ താഴേത്തട്ടു നേതാക്കളുടെ ഉള്ളിലിരുപ്പു കൂടി നേരിട്ടറിയുകയാണു മാണി.
ഗൂഡാലോചന പ്രശ്‌നത്തിനൊപ്പം കാലുവാരലും കോണ്‍ഗ്രസിനെതിരായ വിമര്‍ശനം വിഷയമാക്കുകയാണ് ഉന്നം. സ്റ്റിയറിങ് കമ്മിറ്റിക്ക് പിന്നാലെ അടുത്ത മാസം ആറിനും ഏഴിനും പാര്‍ട്ടി ക്യാമ്പും നടത്താനാണു ധാരണ.
