ഇലോൺ മസ്ക് എന്ന് പരിചയപ്പെടുത്തി സാമൂഹിക മാധ്യമത്തിലൂടെ അടുത്തുകൂടിയയാൾ മുംബൈ സ്വദേശിനിയിൽ നിന്ന് 16.34 ലക്ഷം രൂപ തട്ടിയെടുത്തു. വിവാഹം കഴിക്കാമെന്നും അമേരിക്കയിൽ കൊണ്ടുപോകാമെന്നും വാഗ്ദാനം ചെയ്ത് വിസ നടപടികൾക്കെന്ന പേരിൽ പണം വാങ്ങി
ശതകോടീശ്വരൻ ഇലോണ്‍ മസ്കിന്‍റെ പേരില്‍ വിവാഹ തട്ടിപ്പ്. ഇലോണ്‍ മസ്ക് എന്ന് പറഞ്ഞ് ചാറ്റ് ചെയ്തയാൾ മുംബൈ സ്വദേശിനിയിൽ നിന്ന് തട്ടിയത് 16.34 ലക്ഷം രൂപയാണ്. മുംബൈയിലെ ചെമ്പൂരിൽ താമസിക്കുന്ന 40 വയസുകാരിക്കാണ് പണം നഷ്ടമായത്. സാമൂഹിക മാധ്യമത്തിൽ തുടങ്ങിയ പരിചയം വിവാഹ തട്ടിപ്പ് വാഗ്ദാനത്തിലേക്കും ആമസോൺ ഗിഫ്റ്റ് കാർഡിലേക്കും എത്തുകയായിരുന്നു.
മസ്കിന്‍റെ ഉടമസ്ഥതയിലുള്ള സാമൂഹിക മാധ്യമമായ എക്സ് വഴിയാണ് തട്ടിപ്പ് സംഘം യുവതിയുമായി പരിചയം സ്ഥാപിച്ചത്. പിന്നീട് മറ്റൊരു മെസേജിംഗ് ആപ്പിലേക്ക് വരാൻ പറഞ്ഞ് അവിടെയും ചാറ്റ് ചെയ്തു. വിവാഹം കഴിക്കാമെന്നും അമേരിക്കയിൽ പുതിയ ജീവിതം നൽകാമെന്നും അടക്കമുള്ള വാഗ്ദാനങ്ങളാണ് 'മസ്ക്' യുവതിക്ക് നൽകിയത്. വിസ നടപടിക്രമങ്ങൾക്കായി ജെയിംസ് എന്നയാളെ പരിചയപ്പെടുത്തി.
ജെയിംസ് വിസ പ്രോസസിംഗ് ഫീസെന്ന് പറഞ്ഞ് അമസോൺ ഗിഫ്റ്റ് കാർഡുകൾ യുവതിയിൽ നിന്ന് വാങ്ങി. കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ഈ വർഷം ജനുവരി വരെയുള്ള കാലയളവിൽ 16.34 ലക്ഷം രൂപയുടെ ഗിഫ്റ്റ് കാർഡുകളാണ് യുവതി നൽകിയത്. ജനുവരി 15-ന് അമേരിക്കയിലേക്ക് വിമാന ടിക്കറ്റിനായി 2 ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടപ്പോഴാണ് യുവതിക്ക് സംശയം തോന്നി. പണം തരാനാവില്ലെന്ന് പറഞ്ഞതോടെ, എന്നാൽ അമേരിക്ക കാണില്ലെന്ന് മറുപടി ലഭിച്ചു. പിന്നെ വിവരമൊന്നും ഇല്ല.
തട്ടിപ്പാണെന്ന് ഇതോടെ യുവതിക്ക് മനസ്സിലായി. ഇതോടെ സൈബർ പൊലീസിൽ പരാതി നൽകി. ഭാരതീയ ന്യായ് സംഹിതയിലെ സെക്ഷൻ 318 (വഞ്ചന), 319 (ആൾമാറാട്ടം), 61 (ക്രിമിനൽ ഗൂഢാലോചന) എന്നീ കുറ്റങ്ങളും ഐടി ആക്ടിലെ ബന്ധപ്പെട്ട വകുപ്പുകളും ചേർത്ത് കേസെടുത്തു. രാജ്യത്ത് ഇലോൺ മസ്കിന്റെ പേര് ഉപയോഗിച്ചുള്ള തട്ടിപ്പുകൾ വ്യാപകമാവുകയാണ്. മസ്കിന്‍റെ ചിത്രങ്ങൾ ദുരുപയോഗം ചെയ്താണ് തട്ടിപ്പ് സംഘം പ്രവർത്തിക്കുന്നത്.


