ഉമ്മന്‍ ചാണ്ടിക്ക് പാര്‍ട്ടിയേക്കാള്‍ വലുത് ഗ്രൂപ്പാണെന്ന് പിജെ കുര്യന്‍


ദില്ലി: ഉമ്മൻചാണ്ടിക്കെതിരെ ആഞ്ഞടിച്ച് പി.ജെ.കുര്യൻ. എ ഗ്രൂപ്പിലായിരുന്നപ്പോൾ തന്നെ ഒതുക്കാൻ ശ്രമിച്ചയാളാണ് ഉമ്മൻചാണ്ടിയെന്ന് കുര്യന്‍ പററഞ്ഞു. മുഖ്യമന്ത്രിയായപ്പോൾ തന്നെ ഒഴിവാക്കാൻ ഉമ്മൻചാണ്ടി ശ്രമിച്ചു. 2012ൽ മലാബാർ മുസ്ലിം പ്രാതിനിധ്യം പറഞ്ഞ് തന്നെ രാജ്യസഭാ ഡെപ്യൂട്ടി ചെയർമാനാക്കുന്നത് തടയാനും ശ്രമം നടത്തി. ഉമ്മൻ ചാണ്ടിക്ക‌് പാർട്ടിയേക്കാൾ വലുത് ഗ്രൂപ്പാണ്. തന്നെയും പിസി ചാക്കോയെയും ഉന്നംവെച്ചാണ് രാജ്യസഭ സീറ്റ് മാണിക്ക് നൽകിയതെന്നും കുര്യന്‍ പറഞ്ഞു.

രാജ്യസഭയിൽ ബിജെപി അനുകൂല തീരുമാനം എടുത്തിട്ടില്ല. അങ്ങനെ ചെയ്തെന്ന് തെളിയിച്ചാൽ രാഷ്ട്രീയപ്രവർത്തനം നിർത്തും. എല്ലാ തീരുമാനങ്ങളും ചട്ടപ്രകാരം മാത്രമാണ് എടുത്തത്. ഉപാധ്യക്ഷ സ്ഥാനത്തു നിന്ന് എടുത്ത തീരുമാനങ്ങളെല്ലാം നിഷ്പക്ഷമായിരുന്നെന്നും പിജെ കുര്യന്‍ പറ‍ഞ്ഞു. രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട് വിമര്‍ശനങ്ങളുന്നയിച്ച പിസി വിഷ്ണുനാഥിനെയും അദ്ദേഹം വമര്‍ശിച്ചു. താൻ ജനകീയനല്ലെന്ന പറയുന്ന പിസി വിഷ്ണുനാഥ് ചെങ്ങന്നൂർ മണ്ഡലം എന്തു ചെയ്തു എന്ന് പരിശോധിക്കണമെന്നായിരുന്നു വിമര്‍ശനം.

രാജീവ് ഗാന്ധിയും സോണിയാഗാന്ധിയുമൊക്കെ തന്നെ അഭിനന്ദിച്ചിട്ടുണ്ട്. രാജ്യസഭാ സീറ്റ് വിട്ടുകൊടുത്തത് പാർടിക്ക് ദോഷം ചെയ്യും. പാർട്ടിയിൽ ചർച്ച ചെയ്യാതെയായിരുന്നു ഈ തീരുമാനം. 1980ൽ തനിക്ക് ലോകസഭാ സീറ്റ് നൽകാൻ ഇടപെട്ടത് ഉമ്മൻ ചാണ്ടിയല്ല. ഇലക്ഷൻ കമ്മിറ്റിയിൽ എന്റെ പേര് നിർദേശിച്ചത് വയലാർ രവിയും പിന്തുണച്ചത് ആന്റണിയുമായിരുന്നു. താൻ സീറ്റുമോഹിയാണെന്ന പ്രചരണം തെറ്റാണെന്നും കുര്യന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.