ഒറ്റപ്പാലം: നെഹ്റു ഗ്രൂപ്പിന് കീഴിലുള്ള പാലക്കാട് വാണിയംകുളം പികെ ദാസ് ആശുപത്രിയിൽ ആസിഡ് കഴിച്ച് അവശ നിലയിൽ കണ്ട ജീവനക്കാരി മരിച്ചു. ഒറ്റപ്പാലം പനമണ്ണ സ്വദേശി സൗമ്യയാണ് മരിച്ചത്.ഫെബ്രുവരി നാലിനാണ് റേഡിയോളജി വിഭാഗത്തിലെ രണ്ട് വനിതാ ജീവനക്കാരെ ആസിഡ് അകത്തു ചെന്ന നിലയിൽ കണ്ടത്.

പികെ ദാസ് ആശുപത്രിയിലും, തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തി ഏതാനും ദിവസങ്ങൾക്കകം അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് സൗമ്യയെ ഇന്നലെ വൈകീട്ട് വീണ്ടും തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വൈകീട്ട് മൂന്നുമണിയോടെയാണ് മരണം. മൃതദേഹം തൃശൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

സൗമ്യയോടൊപ്പം ആസിഡ് അകത്തു ചെന്ന അവശനിലയിലായിരുന്ന പനമണ്ണ സ്വദേശി ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്. പരസ്പരം പിരിയാനാകാത്തതിനാൽ ആസിഡ് കഴിച്ചെന്നാണ് അവശനിലയിൽ ചികിത്സയിലിരിക്കുമ്പോൾ പെൺകുട്ടികൾ മജിസ്ട്രേറ്റിന് മൊഴിനൽകിയിരുന്നതെന്ന് പോലീസ് അറിയിച്ചു.