ലൈംഗിക പീഡന പരാതിയിൽ പി.കെ. ശശി എംഎൽഎക്കെതിരായ പാർട്ടി അന്വേഷണ കമ്മീഷൻ റിപ്പോർട്ടിൽ ഇന്ന് നടപടി ഉണ്ടായേക്കും. ശശിക്കെതിരെ കടുത്ത നടപടി ഉണ്ടാകാനുള്ള സാധ്യത കുറവാണ്.
തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയിൽ പി.കെ. ശശി എംഎൽഎക്കെതിരായ പാർട്ടി അന്വേഷണ കമ്മീഷൻ റിപ്പോർട്ടിൽ ഇന്ന് നടപടി ഉണ്ടായേക്കും. രാവിലെ സംസ്ഥാന സെക്രട്ടറിയേറ്റും പിന്നാലെ സംസ്ഥാന കമ്മിറ്റിയും റിപ്പോർട്ട് ചർച്ച ചെയ്യും. ശശിക്കെതിരെ കടുത്ത നടപടി ഉണ്ടാകാനുള്ള സാധ്യത കുറവാണ്.
ഷോർണ്ണൂർ എംഎൽഎ പി.കെ. ശശിക്കെതിരെ ഡിവൈഎഫ്ഐ വനിതാ നേതാവ് നൽകിയ പരാതി എ.കെ. ബാലനും പി.കെ. ശ്രീമതിയും അടങ്ങുന്ന കമ്മീഷനാണ് അന്വേഷിച്ചത്. കമ്മീഷനെ നിയോഗിച്ച് രണ്ട് മാസമായിട്ടും നടപടി വൈകിയതിനാൽ പരാതിക്കാരി വീണ്ടും കേന്ദ്ര നേതൃത്വത്തെ സമീപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാന സെക്രട്ടറിയറ്റും കമ്മിറ്റിയും റിപ്പോർട്ട് ചർച്ച ചെയ്യുന്നത്.
മോശമായി പെരുമാറിയെന്ന പരാതിയിൽ കഴമ്പുണ്ടെന്നാണ് കമ്മീഷൻ കണ്ടെത്തിയെന്നാണ് വിവരം. അതേ സമയം കടുത്ത നടപടി എടുത്താൽ എംഎൽഎ സ്ഥാനം രാജിവെക്കേണ്ട സാഹചര്യവും പാർട്ടിക്ക് മുന്നിലുണ്ട്. നിലവിലെ സാഹചര്യത്തിൽ ജില്ലാ സെക്രട്ടറിയറ്റ് അംഗമായ ശശിയെ ഏരിയ കമ്മിറ്റിയിലേക്ക് ബ്രാഞ്ച് കമ്മിറ്റിയിലേക്കോ തരംതാഴ്ത്താനാണ് സാധ്യത. പികെ ശശി നയിക്കുന്ന് കാൽനട പ്രചാരണ ജാഥ തുടരുന്നതിനിടെയാണ് പരാതി പാർട്ടി ചർച്ച ചെയ്യുന്നത് എന്നുള്ളതും പ്രധാനമാണ്. തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്ന ശശിയുടെ പരാതിയും കമ്മീഷൻ പരിശോധിച്ചിരുന്നു. ഇതിലും നടപടി ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
