ശശിക്കെതിരായ പാർട്ടി അന്വേഷണ കമ്മീഷൻ റിപ്പോർട്ട് സിപിഎം സംസ്ഥാന സമിതി യോഗം പരിഗണിക്കാനിരിക്കെ ജാഥയുമായി മുന്നോട്ട് പോകാനുള്ള പാലക്കാട് ജില്ലാ നേതൃത്വത്തിന്‍റെ തീരുമാനം നേരത്തെ വിവാദമായിരുന്നു
പാലക്കാട്: ഒരു വിഭാഗം പ്രവർത്തകരുടെ എതിർപ്പുകള്‍ക്കിടയിലും സിപിഎം കാൽനടപ്രചരണ ജാഥയുടെ ആദ്യ ദിവസത്തെ സമാപന സമ്മേളനം പി.കെ. ശശി എംഎൽഎ ഉദ്ഘാടനം ചെയ്തു. എന്നാല്‍, ഉദ്ഘാടനത്തില്‍ നിന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എം ചന്ദ്രൻ പിന്മാറി. പാർട്ടി വേദികളിൽ ശശിക്കെതിരെ വിമര്‍ശനം ഉന്നയിച്ച നേതാവാണ് ചന്ദ്രൻ.
ശശിക്കെതിരായ പാർട്ടി അന്വേഷണ കമ്മീഷൻ റിപ്പോർട്ട് സിപിഎം സംസ്ഥാന സമിതി യോഗം പരിഗണിക്കാനിരിക്കെ ജാഥയുമായി മുന്നോട്ട് പോകാനുള്ള പാലക്കാട് ജില്ലാ നേതൃത്വത്തിന്‍റെ തീരുമാനം നേരത്തെ വിവാദമായിരുന്നു. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗമായ വനിതാ നേതാവ് നൽകിയ ലൈംഗിക പീഡന പരാതിയിൽ പാർട്ടി നടപടി വരും മുമ്പാണ് പി.കെ.ശശി എംഎൽഎ കാൽനടപ്രചരണ ജാഥ നയിക്കുന്നത്.
ആരോപണവിധേയനായ പി.കെ.ശശിയെ ജാഥാ ക്യാപ്റ്റനായി നിശ്ചയിച്ച പാർട്ടി തീരുമാനത്തിനെതിരെ പാലക്കാട് ജില്ലാ കമ്മിറ്റി യോഗത്തിൽ രൂക്ഷ വിമർശനം ഉയർന്നിരുന്നു. ശബരിമല വിഷയത്തിൽ സംഘടിപ്പിച്ച നവോത്ഥാന സദസ് ശശി ഉദ്ഘാടനം ചെയ്തതും എതിർപ്പിന് ഇടയാക്കി.
എന്നാൽ വിമർശനങ്ങൾ അവഗണിച്ച് ശശിയെ തന്നെ ജാഥാ ക്യാപ്റ്റനായി ജില്ലാ നേതൃത്വം തീരുമാനിച്ചു. പാർട്ടി അന്വേഷണ കമ്മീഷൻ റിപ്പോർട്ട് വരും വരെ ശശിയെ മാറ്റിനിർത്തേണ്ടതില്ലെന്നാണ് ജില്ലാ നേതൃത്വത്തിന്‍റെ നിലപാട്. 23 ന് ചേരുന്ന സിപിഎം സംസ്ഥാന സമിതി യോഗത്തിൽ ശശിക്കെതിരായ റിപ്പോർട്ട് ചർച്ചയാകും.
കടുത്ത നടപടിയിലേക്ക് പാർട്ടി നീങ്ങില്ലെന്ന് ശശിയോട് അടുത്ത വൃത്തങ്ങൾ പറയുന്നു. എന്നാൽ കാൽനട പ്രചരണജാഥ കടന്നുപോകുന്ന വഴികളിൽ പ്രതിഷേധം സംഘിടിപ്പിക്കാൻ പ്രതിപക്ഷ യുവജന സംഘടനകൾ തീരുമാനിച്ചിട്ടുണ്ട്.
