ഫ്ലോറിഡ: അമേരിക്കയിലെ ക്ലിയര്‍വാട്ടര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് സിഫയര്‍ഹില്‍സ് മുന്‍സിപ്പില്‍ എയര്‍പോര്‍ട്ടിലേക്ക് പോയ വിമാനം തകര്‍ന്നു. പൈലറ്റ് അലെന്‍ ബെനഡിക്റ്റും യാത്രക്കാരനായ ഗ്രിഗറി ഗുയിനുമാണ് സിംഗിള്‍ എന്‍ജിന്‍ വിമാനത്തിലുണ്ടായിരുന്നത്. വിമാനം തകര്‍ന്നെങ്കിലും പൈലറ്റും യാത്രക്കാരനും അത്ഭുതകരമായി രക്ഷപെട്ടു.എന്‍ജിന് തകരാര്‍ അനുഭവപ്പെട്ടതിന് തുടര്‍ന്ന് ഇന്ധനം നിറച്ച് വീണ്ടും ക്ലിയര്‍വാട്ടര്‍ എയര്‍പോട്ടിലേക്ക് തിരിച്ചുവരുന്നതിനിടെയാണ് സംഭവം.
ലക്ഷ്യസ്ഥാനത്ത് എത്തില്ല എന്നുറപ്പായതിനെ തുടര്‍ന്ന് ഒരു തുറന്ന സ്ഥലത്ത് വിമാനം ഇറക്കാന്‍ പൈലറ്റ് ശ്രമിക്കുകയായിരുന്നു. എന്നാല്‍ വിമാനത്തിന്‍റെ ഒരു ചിറക് മരത്തില്‍ ഇടിച്ചു. തുടര്‍ന്ന് മിനുറ്റുകള്‍ക്കുള്ളില്‍ വിമാനം തകര്‍ന്നു. ലക്ഷ്യസ്ഥാനത്തിന് വെറും രണ്ടുകിലോമീറ്റര്‍ മുമ്പാണ് വിമാനം തകര്‍ന്നത്. ഡ്യൂട്ടിയിലായിരുന്ന രണ്ടുപോലീസ് ഉദ്ദോഗ്യസ്ഥരുടെ വാഹനത്തിന്‍റെ ഡാഷ് ക്യാമില്‍ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. പിന്നീട് വിമാനം തകരുന്നതിന്‍റെ ദൃശ്യങ്ങള്‍ പിനെല്ലാസ് കൗണ്ടി ഷെരിഫ് തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ അപ്‍ലോഡ് ചെയ്തു.
