മുംബൈ: വിമാനം റാ‌ഞ്ചുമെന്നും ബോംബു വെക്കുമെന്നുമുള്ള ഭീഷണിയെ തുടര്‍ന്ന് രാജ്യത്തെ വിമാനത്താവളങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. മുംബൈ വിമാനത്താവളത്തില്‍ വിമാനം റാഞ്ചുമെന്നും വിമാനത്തിനുള്ളില്‍ ബോംബുവെക്കുമെന്നും ചിലര്‍ സംസാരിക്കുന്നത് കേട്ടതായുള്ള സന്ദേശം ലഭിച്ചത്. മുംബൈ പൊലീസ് കമ്മീഷണര്‍ക്കാണ് അജ്ഞാതന്റെ കത്ത് ലഭിച്ചത്. വിമാനം റാഞ്ചുമെന്ന് ചിലര്‍ സംസാരിക്കുന്നത് താന്‍ കേട്ടതായാണ് കത്ത് അയച്ച ആള്‍ പറയുന്നത്. ഇതിനുശേഷം സ്ഥിതിഗതികള്‍ വിലയിരുത്തിയ അധികൃതര്‍ മുഖ്യമായും മുംബൈ, ചെന്നൈ, ഹൈദരാബാദ് വിമാനത്താവളങ്ങളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കി. ചെന്നൈയില്‍ ഉള്‍പ്പടെ വിമാനത്താവളങ്ങളുടെ സുരക്ഷയ്‌ക്ക് നിയോഗിച്ചിട്ടുള്ള സി ഐ എസ് എഫ് സേനാംഗങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. അവധിയിലായിരുന്നവരെ അടിയന്തരമായി വിളിച്ചുവരുത്തി. അത്യാധുനിക ആയുധങ്ങളും സിഐഎസ്എഫിന് ലഭ്യമാക്കിയിട്ടുണ്ട്. ഏത് അടിയന്തര സാഹചര്യവും നേരിടാനുള്ള തയ്യാറെടുപ്പിലാണ് സി ഐ എസ് എഫ്. ചെന്നൈയിലെ ആഭ്യന്തര-അന്തര്‍ദ്ദേശീയ ടെര്‍മിനലുകളിലേക്ക് യാത്രക്കാരെയും സാധാരണക്കാരെയും കടത്തിവിടുന്നതിന് മുമ്പ് കര്‍ശന പരിശോധനയ്‌ക്ക് വിധേയമാക്കുന്നുണ്ട്.