ദില്ലി: നോട്ട് അസാധുവാക്കല്‍ തന്ത്രപരമായ തീരുമാനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കള്ളപ്പണം തിരിച്ച് വരാതിരിക്കാനാണ് ഡിജിറ്റല്‍ ഇന്ത്യ പദ്ധതി പ്രഖ്യാപിച്ചതെന്നും ഈ പദ്ധതി പാര്‍ട്ടി ഏറ്റെടുത്ത് നടപ്പാക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
രാഷ്‌ട്രീയപ്പാര്‍ട്ടികള്‍ സ്വീകരിക്കുന്ന സംഭാവനകള്‍ സുതാര്യമാകണമെന്നും നരേന്ദ്രമോദി ബിജെപി ദേശീയ നിര്‍വ്വാഹസമിതി യോഗത്തില്‍ വ്യക്തമാക്കി.പാവങ്ങളുടെ ജീവിത നിലവാരം ഉയർത്തുകയെന്നതാണ് പാർട്ടിയുടെ പ്രതിബദ്ധതയെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങൾക്കായി ചെയ്യുന്നതെല്ലാം ഈശ്വരനായാണ് ചെയ്യുന്നത്. പാവങ്ങൾ പാർട്ടിയെ സംബന്ധിച്ച് പ്രധാനപ്പെട്ടതാണ്. പാവപ്പെട്ടവരുടെ ദാരിദ്ര്യവും പട്ടിണിയും ബിജെപിക്ക് വോട്ട് ബാങ്ക് അല്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപിക്ക് തിരഞ്ഞെടുപ്പ് വിജയത്തിനുള്ള മാർഗം മാത്രമല്ല ഇവരെന്നും മോദി പാർട്ടി പ്രവർത്തകരെ ഓർമിപ്പിച്ചു. വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ കണ്ണിലൂടെ മാത്രം ഇവരെ കാണരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാഷ്ര്‌ടീയ പാർട്ടികളുടെ സംഭാവന സംബന്ധിച്ച് കൂടുതൽ സുതാര്യത ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
