''നടപടി കോടതിയലക്ഷ്യമല്ല. ക്രിയാത്മക വിമർശനം മാത്രമാണ് ഇവർ നടത്തിയിരിക്കുന്നത്. മാധ്യമ റിപ്പോർട്ടുകളുടെ അടിസഥാനത്തിൽ കോടതി അലക്ഷ്യ നടപടി സ്വീകരിക്കാനാകില്ല'' - എന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത.
ദില്ലി: ശബരിമല വിഷയത്തില്‍ ബിജെപി സംസ്ഥാനാധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ളക്കും തന്ത്രി കണ്ഠരര് രാജീവർക്കും എതിരെ കോടതിയലക്ഷ്യ ഹർജി നൽകുന്നതിന് സോളിസിറ്റര്‍ ജനറല്‍ അനുമതി നിഷേധിച്ചു. ബിജെപി അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള, തന്ത്രി, പന്തളം രാജ കുടുംബാംഗം തുടങ്ങി അഞ്ചുപേർക്ക് എതിരെ കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്യാനുള്ള അനുമതിയാണ് നിഷേധിച്ചത്.
ശബരിമല കേസിലെ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്‍റെ വിധിയ്ക്കെതിരെ സംസാരിക്കുകയും സുപ്രീംകോടതിയ്ക്ക് എതിരെ പരസ്യമായി പ്രസംഗിക്കുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകരായ അഡ്വ. ഗീനാകുമാരി, അഡ്വ.വർഷ എന്നിവര്‍ സുപ്രീംകോടതിയെ സമീപിച്ചത്.
ഇവരുടെ നടപടി കോടതിയലക്ഷ്യമല്ല. ക്രിയാത്മക വിമർശനം മാത്രമാണ് ഇവർ നടത്തിയിരിക്കുന്നത്. മാധ്യമ റിപ്പോർട്ടുകളുടെ അടിസഥാനത്തിൽ കോടതി അലക്ഷ്യ നടപടി സ്വീകരിക്കാനാകില്ല. അവ പരിഗണിച്ചാൽ പോലും കോടതി അലക്ഷ്യമാകില്ലെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത വ്യക്തമാക്കി.
സുപ്രീംകോടതിയിൽ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്യണമെങ്കില്‍ അറ്റോർണി ജനറലിന്‍റെ അനുമതി വാങ്ങണം. അറ്റോർണി ജനറലിനാണ് ആദ്യം അപേക്ഷയുടെ പകര്‍പ്പ് നല്‍കിയത്. എന്നാൽ ഇതിൽ നിന്ന് പിൻമാറിയ അറ്റോർണി ജനറല്‍ കെ.കെ.വേണുഗോപാല്‍ അപേക്ഷയില്‍ നടപടിയെടുക്കാന്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയെ ഏല്‍പ്പിക്കുകയായിരുന്നു. താൻ മുമ്പ് തിരുവിതാംകൂർ ദേവസ്വം ബോർഡിന് വേണ്ടി ഹാജരായിട്ടുണ്ടെന്ന് കാണിച്ചാണ് കെ.കെ.വേണുഗോപാൽ പിൻമാറിയതെന്നാണ് സൂചന. ശബരിമലയിലെ സ്ത്രീപ്രവേശനവിധിയ്ക്കെതിരെ എജി കെ.കെ.വേണുഗോപാൽ പരസ്യവിമർശനം ഉന്നയിച്ചിരുന്നു.
Read More:
ശ്രീധരൻപിള്ള അടക്കമുള്ളവർക്കെതിരായ കോടതിയലക്ഷ്യ ഹർജി: എജി പിൻമാറി
