ദില്ലി: തന്ത്രിക്ക് എതിരായ കോടതിയലക്ഷ്യ ഹർജി നാളെ സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് ഹര്‍ജി നല്‍കിയ അഭിഭാഷകര്‍. അഭിഭാഷകരായ ഗീനാകുമാരി, എവി വർഷ എന്നിവർ നൽകിയിരുന്ന കോടതിയലക്ഷ്യ ഹര്‍ജിയാണ് നാളെ ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയിൽപ്പെടുത്തുക.  ശബരിമലയില്‍ യുവതികള്‍ പ്രതിഷേധിച്ചതിന് പിന്നാലെ തന്ത്രി ശുദ്ധിക്രിയ നടത്തിയതിന്‍റെ പശ്ചാത്തലത്തിലാണ് ഹര്‍ജിക്കാര്‍ ഇക്കാര്യം അറിയിച്ചത്.

യുവതികൾ പ്രവേശിച്ചതിനെ തുടർന്ന് ശുദ്ധികലശം നടത്തിയത് കോടതിയലക്ഷ്യമെന്ന് ചീഫ് ജസ്റ്റിസിനെ അറിയിക്കും.  ഗുരുതര കോടതിയലക്ഷ്യമാണ് ഉണ്ടായതെന്നും ഹർജിക്കാർ പറഞ്ഞു.  നേരത്തെ തന്ത്രിക്ക് എതിരെ നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് ഉടൻ നടപടി ആവശ്യപ്പെടുക. 

ഇന്ന് പുലര്‍ച്ചെയാണ് കനക ദുര്‍ഗ, ബിന്ദു എന്നീ രണ്ട് യുവതികള്‍ സന്നിധാനത്ത് എത്തി ദര്‍ശനം നടത്തി മടങ്ങിയത്. ഭക്തരുടെ പ്രതിഷേധങ്ങളൊന്നും തന്നെ ഇവര്‍ മലകയറുമ്പോള്‍ ഉണ്ടായില്ല. നേരത്തേ മലചവിട്ടാനെത്തിയ ഇരുവരും പ്രതിഷേധത്തെ തുടര്‍ന്ന് തിരിച്ചിറങ്ങിയിരുന്നു.  ശബരിമല യുവതീ പ്രവേശനം മുഖ്യമന്ത്രി പിണറായി വിജയന്‍ സ്ഥിരീകരിച്ചതോടെ ബിജെപി അടക്കമുള്ള സംഘപരിവാര്‍ സംഘടനകളും കോണ്‍ഗ്രസും അടക്കം സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. സംസ്ഥാനത്ത് ആകമാനം പ്രതിഷേധങ്ങള്‍ നടക്കുകയാണ്.