നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി എന്ന സുനില്‍ രാജ് മുന്‍കൂര്‍ ജാമ്യത്തിന് നീക്കം തുടങ്ങി. അഭിഭാഷകന്‍ മുഖേനെ അപ്പുണ്ണി ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാവണമെന്ന് നിര്‍ദ്ദേശിച്ച് അപ്പുണ്ണിക്ക് പലതവണ നോട്ടീസ് അയച്ചിരുന്നെങ്കിലും ഹാജരായില്ല. നടിയെ ആക്രമിച്ച കേസില്‍ ഇയാളുടെ അറസ്റ്റ് ഒഴിവാക്കാനാവില്ലെന്ന് നേരത്തെ അറിയിച്ച പൊലീസ് പിടികൂടാനായി പ്രത്യേക സംഘത്തിനും രൂപം നല്‍കിയിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട പലകാര്യങ്ങളും ഇയാള്‍ക്ക് അറിയാമായിരുന്നെന്നാണ് പൊലീസ് കണ്ടെത്തിയിരുന്നത്. കൃത്യത്തിനുശേഷം പിടിക്കപ്പെടുമെന്നായപ്പോള്‍ അപ്പുണ്ണിയെ മുന്നില്‍ നിര്‍‍ത്തി കേസ് ഒതുക്കാന്‍ ദീലീപ് ശ്രമിച്ചിരുന്നു. ജയിലില്‍ കഴിഞ്ഞിരുന്ന സുനില്‍കുമാറിന് ഇടനിലക്കാര്‍ മുഖേന പണം കൈമാറാനും ദിലീപ് നീക്കം നടത്തിയിരുന്നു. ഇതിനെല്ലാം മുന്നില്‍ നിന്നത് അപ്പുണ്ണിയാണെന്നാണ് കണ്ടെത്തല്‍.