227 ദിവസമായി കെ.വി.എമ്മില്‍ സമരത്തിന് നേതൃത്വം നല്‍കുന്ന യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ ഈ കേസില്‍ കക്ഷിചേരുന്നതിനുള്ള അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.

തൃശൂര്‍: ചേര്‍ത്തല കെ.വി.എം ആശുപത്രി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ സര്‍ക്കാരിനും മാനേജ്മെന്റിനും നോട്ടീസ് അയക്കാന്‍ ഹൈക്കോടതി ഉത്തരവ്. പൊതുപ്രവര്‍ത്തകന്‍ സബീഷ് മണവേലി നല്‍കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ചുകൊണ്ടാണ് ഇരുകൂട്ടരുടെയും നിലപാടറിയാന്‍ അതിവേഗത്തില്‍ തന്നെ നോട്ടീസ് അയക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്. 2013 ലെ മിനിമം വേജസുള്‍പ്പടെയുള്ള അവകാശങ്ങള്‍ ആവശ്യപ്പെട്ടും പ്രതികാരനടപടികള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടും 227 ദിവസമായി കെ.വി.എമ്മില്‍ സമരത്തിന് നേതൃത്വം നല്‍കുന്ന യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ ഈ കേസില്‍ കക്ഷിചേരുന്നതിനുള്ള അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.

ഹര്‍ജിക്കാരന്റെ ബന്ധു ഈയിടെ കെ.വി.എം ആശുപത്രിയില്‍ ചികിത്സയ്ക്കിടെ മരണപ്പെട്ടിരുന്നു. നഴ്സുമാര്‍ സമരം തുടരുന്നതിനിടെയാണ് മികച്ച ആശുപത്രിയാണെന്നും സമരം ബാധിച്ചിട്ടില്ലെന്നും ഡൗക്ടര്‍മാരും നഴ്സുമാരുമുള്‍പ്പടെ എല്ലാ സൗകര്യങ്ങളും ഉണ്ടെന്നും കാണിച്ച് പത്രങ്ങളില്‍ പരസ്യം നല്‍കിയത്. ഇതനുസരിച്ചാണ് തന്റെ കുടുംബം അസുഖബാധിതനായ ബന്ധുവിനെ ചേര്‍ത്തല കെ.വി.എം ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ പരസ്യത്തില്‍ പറയുന്ന സൗകര്യങ്ങളൊന്നും ആശുപത്രിയില്‍ നിന്ന് ലഭിച്ചില്ല. രോഗി മരണത്തിനിരയാവുകയും ചെയ്തു. മാനേജ്മെന്റ് ഇക്കാര്യത്തില്‍ നിരുത്തരവാദിത്തപരമായ നിലപാടുകളും മറുപടികളുമാണ് തന്നത്.

സര്‍ക്കാരിനും ഇക്കാര്യത്തില്‍ ഉത്തരവാദിത്വമുണ്ടെന്ന് ഹര്‍ജിയില്‍ പറയുന്നു. നഴ്സുമാരുടെ സമരം അനാവശ്യമാണെങ്കില്‍ അവിടത്തെ സമരം നിരോധിക്കണം. അല്ലെങ്കില്‍ കലക്ടറും തൊഴില്‍വകുപ്പും ഇടപെട്ട് സമരം തീര്‍ക്കണം. എന്നിട്ടും തീര്‍പ്പായില്ലെങ്കില്‍ ആശുപത്രി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാണ് ഹര്‍ജിയിലെ വാദം. സേവനപരിചയമില്ലാത്ത ചില ആശുപത്രി ജീവനക്കാരെ നഴ്സുമാരെന്ന വ്യാജേന ഡോക്ടര്‍മാരുടെ സഹായത്തിന് നിര്‍ബന്ധിച്ചിരുന്നതായി ആക്ഷേമുണ്ടായി.

ഇവരുടെ തോന്നുംപടിയുള്ള ചികിത്സയാണ് ഇവിടെ രോഗികളുടെ മരണത്തിന് കാരണമെന്നും പറഞ്ഞിരുന്നു. സാമ്പത്തിക പ്രതിസന്ധിയും തൊഴില്‍ തര്‍ക്കങ്ങളും നിലനിന്നിരുന്ന സ്വകാര്യ ആശുപത്രി തമിഴ്നാട് സര്‍ക്കാരിനെ കൊണ്ട് ഏറ്റെടുപ്പിച്ച ചെന്നൈ ഹൈക്കോടതി വിധിക്ക് സമാനമാണ് കെ.വി.എമ്മിലെ സ്ഥിതിഗതികള്‍. 

സാമ്പത്തിക പ്രതിസന്ധികളുണ്ടെന്നാണ് തൊഴില്‍ വകുപ്പ് ചര്‍ച്ചകളിലും മാധ്യമങ്ങളില്‍ നല്‍കുന്ന വിവരങ്ങളിലും മാനേജ്മെന്റ് ആവര്‍ത്തിക്കുന്നത്. മുഴുവന്‍ നഴ്സുമാരെയും തിരിച്ചെടുക്കാന്‍ കഴിയില്ലെന്നും ആശുപത്രി തന്നെ നടത്തിക്കൊണ്ടുപോകാന്‍ പ്രയാസമാണെന്നും മാനേജ്മെന്റ് പ്രചരിപ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ സര്‍ക്കാരിന്റെ നിലപാട് നിര്‍ണായകമായിരിക്കും. കേസില്‍ കക്ഷിചേരുന്ന യു.എന്‍.എ ആശുപത്രിയിലെ ജീവനക്കാരുടെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടും.

തൊഴില്‍ വകുപ്പ് ചര്‍ച്ചയില്‍ മാനേജ്മെന്റ് സ്വീകരിച്ച നിലപാടുകളും ആലപ്പുഴ ജില്ലയില്‍ നിന്നുള്ള മന്ത്രിമാരായ ഡോ.തോമസ് ഐസക്, പി.തിലോത്തമന്‍ എന്നിവര്‍ നടത്തിയ ഒത്തുതീര്‍പ്പ് ശ്രമങ്ങളും മാനേജ്മെന്റെടുത്ത നിഷേധ നിലപാടുകളും കോടതിയെ ധരിപ്പിക്കുമെന്ന് യു.എന്‍.എ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ഷോബി ജോസഫ് പറഞ്ഞു. ഇതോടെ കെ.വി.എം വിഷയത്തില്‍ തൊഴില്‍ വകുപ്പിനും സര്‍ക്കാരിനും നിസംഗത വെടിയേണ്ടിവന്നേക്കും.