അവിവാഹിതരായ ഇരു സഹോദരിമാരും സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം ഒരുമിച്ച് ഒരു വീട്ടില്‍ തന്നെയായിരുന്നു താമസം. 30 വര്‍ഷമായി ഇവര്‍ കഴിയുന്നത് ഇവിടെ തന്നെയായിരുന്നു. വീട്ടിലെ ഒരാവശ്യത്തിന് വേണ്ടിയാണ് പ്ലംബറായ അഖിലേഷിനോട് വരാന്‍ പറഞ്ഞത്

ദില്ലി: വൃദ്ധകളായ സഹോദരിമാരെ വീട്ടിനകത്ത് വച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്ലംബറും സുഹൃത്തുക്കളും പിടിയില്‍. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് എഴുപത്തിയഞ്ചുകാരിയായ ആഷാ പതക്കിനെയും എഴുപത്തിയെട്ടുകാരിയായ ഉഷാ പതക്കിനെയും പശ്ചിംവിഹാറിലുള്ള വസതിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. 

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെയാണ്- അവിവാഹിതരായ ഇരു സഹോദരിമാരും സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം ഒരുമിച്ച് ഒരു വീട്ടില്‍ തന്നെയായിരുന്നു താമസം. 30 വര്‍ഷമായി ഇവര്‍ കഴിയുന്നത് ഇവിടെ തന്നെയായിരുന്നു. വീട്ടിലെ ഒരാവശ്യത്തിന് വേണ്ടിയാണ് പ്ലംബറായ അഖിലേഷിനോട് വരാന്‍ പറഞ്ഞത്.

പകല്‍സമയത്ത് വീട്ടില്‍ വന്ന് എല്ലാം നോക്കിവച്ച ശേഷം ഇയാള്‍ കൂട്ടാളികളുമായി രാത്രിയില്‍ മോഷണത്തിനെത്തുകയായിരുന്നു. എന്നാല്‍ മോഷണത്തിനിടെ വൃദ്ധകളായ സഹോദരിമാര്‍ അലാം അടിക്കാന്‍ ശ്രമിച്ചതോടെയാണ് ഇരുവരെയും കൊലപ്പെടുത്തിയത്. രാവിലെ വീട്ടുജോലിക്കെത്തിയ സ്ത്രീയാണ് ഇവരുടെ മൃതദേഹം കണ്ടത്. 

വീടിന് പുറത്തുണ്ടായിരുന്ന സിസിടിവിയില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങളാണ് പ്രതികളെ കുടുക്കാന്‍ പൊലീസിനെ സഹായിച്ചത്. അഖിലേഷ്, കൂട്ടാളികളായ രാജു യാദവ്, ദീപക് സോണി, സല്‍മാന്‍ ഷാ എന്നിവരാണ് അറസ്റ്റിലായ പ്രതികള്‍.