അശ്ലീല ചിത്രമയച്ചത് അദ്ധ്യാപകനെ അറിയിച്ചതിന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് സഹപാഠികളുടെ മര്‍ദ്ദനം. രാമന്തളി വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്കാണ് മര്‍ദ്ദനമേറ്റത്. വിദ്യാര്‍ഥിയെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മകന്റെ മൊബൈല്‍ ഫോണിലേക്ക് അശ്ലീല ചിത്രം അയച്ചതിന് സഹപാഠികളെക്കുറിച്ച് രക്ഷിതാവ് സ്കൂള്‍ അദ്ധ്യാപകനോട് പരാതിപ്പെട്ടിരുന്നു. ഈ വിരോധം കാരണം സഹപാഠികള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചെന്നാണ് പരാതി. ഏതാനം ദിവസം മുമ്പാണ്‌ പരാതിക്ക് ആസ്പദമായ സംഭവം. വിദ്യാര്‍ഥിയുടെ അമ്മ സ്കൂളിലെത്തി ഈ വിവരം അറിയിച്ച ദിവസം വൈകുന്നേരം ക്ലാസ് മുറിയില്‍വെച്ച് ചില വിദ്യാര്‍ഥികള്‍ സംഘം ചേര്‍ന്ന് കുട്ടിയെ തല്ലിയെന്നും വൈകുന്നേരം നാലോടെ ഏഴിമല പള്ളിക്ക് സമീപംവെച്ച് വീണ്ടും മര്‍ദ്ദിച്ചെന്നുമാണ് പരാതി.

ഹൃദയസംബന്ധമായ രോഗത്തിന് ഈ കുട്ടിക്ക് പരിയാരം ഹൃദയാലയത്തില്‍ ചികിത്സ നടത്തിവരുകയാണ്.
മര്‍ദ്ദനത്തെ തുടര്‍ന്ന് കുട്ടിക്ക് കടുത്ത നെഞ്ചുവേദന ഉണ്ടെന്നും അടിയന്തിരമായി ആശുപത്രിയിലെത്തിക്കാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചതായും രക്ഷിതാക്കള്‍ പറയുന്നു. വിദ്യാര്‍ത്ഥിയുടെ അമ്മ നല്‍കിയ പരാതിയില്‍ പയ്യന്നൂര്‍ പൊലീസ് കേസെടുത്തു.