തിരുവനന്തപുരം: വര്‍ക്കലയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. എം.ജി.എം സ്കൂള്‍ വിദ്യാര്‍ത്ഥി അര്‍ജുനാണ് ആത്മഹത്യ ചെയ്തത്. പരീക്ഷയില്‍ കോപ്പിയടിച്ചെന്ന് ആരോപിച്ച് അധ്യാപകരും സ്കൂള്‍ മാനേജ്മെന്റും മാനസികമായി പീഡിപ്പിച്ചതിനെ തുടര്‍ന്നാണ് കുട്ടി ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സ്കൂളിലെ വൈസ് പ്രിന്‍സിപ്പലിനെതിരെയാണ് പ്രധാന ആരോപണം. എന്നാല്‍ ഇക്കാര്യങ്ങള്‍ സ്കൂള്‍ അധികൃതര്‍ നിഷേധിച്ചു. ബന്ധുക്കള്‍ വര്‍ക്കല പൊലീസില്‍ പരാതി നല്‍കിട്ടുണ്ട്. സ്കൂളിലേക്ക് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ ചെറിയ തോതില്‍ സംഘര്‍ഷമുണ്ടായി.

വര്‍ക്കല സ്വദേശിയായ അര്‍ജുനെ കഴിഞ്ഞ ദിവസമാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പരീക്ഷയില്‍ ഡിജിറ്റല്‍ വാച്ച് ഉപയോഗിച്ച് കോപ്പിയടിച്ചെന്ന് ആരോപിച്ചാണ് അര്‍ജുനെയും രക്ഷിതാക്കളെയും സ്കൂളില്‍ വിളിച്ചുവരുത്തി ശാസിച്ചെന്ന് ബന്ധുക്കള്‍ പറയുന്നു. കോപ്പിയടി സി.ബി.എസ്.ഇക്ക് റിപ്പോര്‍ട്ട് ചെയ്യുമെന്നും അങ്ങനെയാണെങ്കില്‍ മൂന്ന് വര്‍ഷത്തേക്ക് ഡീബാര്‍ ചെയ്യുമെന്നും അധ്യാപകര്‍ പറഞ്ഞു. സംഭവം പൊലീസില്‍ അറിയിച്ച് കേസെടുക്കുമെന്നും വൈസ് പ്രിന്‍സിപ്പല്‍ ഭീഷണിപ്പെടുത്തിയതായി ബന്ധുക്കള്‍ ആരോപിക്കുന്നു. അധ്യാപകരുടെ മാനസിക പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് ഇവര്‍ പരാതിപ്പെടുന്നത്. എന്നാല്‍ രക്ഷിതാക്കളെ സ്കൂളിലേക്ക് വിളിച്ചുവരുത്തുന്നത് സ്വാഭാവികമായ ഒരു നടപടി മാത്രമാണെന്നും മാനസികമായി പീഡിപ്പിച്ചിട്ടില്ലെന്നുമാണ് സ്കൂള്‍ പ്രിന്‍സിപ്പല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ സംബന്ധിച്ച വാര്‍ത്ത പുറത്തുവന്നതോടെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ സ്കൂളിലേക്ക് നടത്തിയ മാര്‍ച്ചില്‍ നേരിയ സംഘര്‍ഷമുണ്ടായി. സ്കൂളിന് മുന്നില്‍ മാര്‍ച്ച് പൊലീസ് തടഞ്ഞു.