കൊല്ലത്തെ പെണ്‍കുട്ടിയുടെ മരണം കൊലപാതകമെന്ന് ക്രൈംബ്രാഞ്ച് 

കൊല്ലം: പിറവന്തൂരിവ്‍ പതിനാറുകാരിയുടെ മരണം കൊലപാതകമാണെന്ന് ക്രൈംബ്രാഞ്ചിന്‍റെ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. അയല്‍വാസിയായ യുവാവ് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത ശേഷം കഴുത്തു ഞെരിച്ച് കൊല്ലുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം ജൂലൈയിലായിരുന്നു സംഭവം. പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി പുറത്ത് നിന്ന് തുറക്കാവുന്ന കിടപ്പ് മുറിയിലിരുന്ന് പഠിക്കുകയായിരുന്നു.കതക് തള്ളിത്തുറന്ന് അകത്തെത്തിയ അയല്‍വാസി സുനില്‍കുമാര്‍ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തു. തുടര്‍ന്ന് ഒച്ചവയ്ക്കാതിരിക്കാൻ പെണ്‍കുട്ടിയുടെ കഴുത്ത് മുറുക്കി കൊന്നു. സ്വര്‍ണമാല കവര്‍ന്ന് രക്ഷപ്പെട്ടു. 

പുനലൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വഷണം തുടങ്ങിയ കേസ് പിന്നീട് ജില്ലാ ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചെങ്കിലും പ്രതിയെ കണ്ടെത്താൻ സാധിച്ചില്ല. സ്റ്റേറ്റ് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തതോടെ കേസില്‍ വഴിത്തിരിവുണ്ടായി. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തു.

കൃത്യത്തിന് ശേഷം പ്രതി സുനില്‍കുമാര്‍ യാതൊരു സംശയത്തിനും ഇടവരുത്താതെ ഓട്ടോറിക്ഷാ ഡ്രൈവറായി സ്ഥലത്ത് കഴിഞ്ഞ് വരുകയായിരുന്നു. ആദ്യ ഘട്ടത്തില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളെ സംശയിച്ച നാട്ടുകാര്‍ ആക്ഷൻ കൗണ്‍സില്‍ രൂപീകരിച്ചിരുന്നു.