പരീക്ഷാ ഫലത്തിനൊപ്പം അര്‍ജുന്റെ റോള്‍ നമ്പര്‍ 5097632 ഉണ്ടായിരുന്നില്ല
ആലപ്പുഴ: പ്ലസ് ടു പരീക്ഷയുടെ റിസല്ട്ട് പ്രഖ്യാപിച്ചും ഇതുവരെ ഫലം അറിയാനായില്ലെന്ന് പരാതിയുമായി വിദ്യാര്ത്ഥി. കാക്കാഴം വെളിയില് പറമ്പില് രജിയുടെ മകന് ആര് അര്ജുന്റെ പരീക്ഷാ ഫലമാണ് ഫലം പ്രഖ്യാപിച്ച് ദിവസങ്ങള് കഴിഞ്ഞിട്ടും അറിയാനാവാത്തത്. സംഭവത്തെ തുടര്ന്ന് വിദ്യാഭ്യാസ മന്ത്രി, മണ്ഡലത്തിലെ എംഎല്എ കൂടിയായ മന്ത്രി ജി സുധാകരന് എന്നിവര്ക്ക് അര്ജുന്റെ പിതാവ് രജി പരാതി നല്കി.
ആലപ്പുഴ ടി ഡി ഹയര് സെക്കന്ററി സ്കൂളിലാണ് അര്ജുന് പഠിച്ചത്. ആകെ 240ഓളം കുട്ടികളാണ് ഇവിടെ പ്ലസ്ടുവിന് ഉണ്ടായിരുന്നത്. ഇവര്ക്കൊപ്പമാണ് അര്ജുന് പരീക്ഷയെഴുതിയതും. പ്ലസ് വണ്ണിന് മുഴുവന് വിഷയങ്ങള് അര്ജുന് വിജയിക്കുകയും ചെയ്തിരുന്നു. എന്നാല് മറ്റു വിദ്യാര്ത്ഥികളുടെ പരീക്ഷാ ഫലത്തിനൊപ്പം അര്ജുന്റെ റോള് നമ്പര് 5097632 ഉണ്ടായിരുന്നില്ല. ഇതോടൊപ്പം മറ്റൊരു കുട്ടിയുടെ പരീക്ഷാഫലം കൂടി എത്താനുണ്ടായിരുന്നു.
എന്നാല് അതിന് വ്യക്തമായ കാരണങ്ങളുണ്ടന്ന് സ്കൂള് അധികൃതര് മറുപടി നല്കിയെങ്കിലും അര്ജുന്റെ റോള് നമ്പര് കാണാതിരുന്നതിനെ കുറിച്ച് കൃത്യമായ മറുപടി ലഭിച്ചില്ലന്ന് രജി പറഞ്ഞു. എന്നാല് അര്ജുന് പരീക്ഷയെഴുതിയതാണന്നും പരീക്ഷയുമായി ബന്ധപ്പെട്ട് അര്ജുന് അടക്കമുള്ള വിദ്യാര്ത്ഥികളുടെ മുഴുവന് നടപടിക്രമങ്ങള് പൂര്ത്തീകരിച്ചിരുന്നതായും സ്കൂള് പ്രിന്സിപ്പല് രാഘവ പ്രഭു പറഞ്ഞു.
