കൊല്ലം: കരുനാഗപ്പള്ളിയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒരാള്‍ റിമാന്‍ഡില്‍. മണപ്പള്ളി സ്വദേശി രാജേഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് ലൈംഗികമായി ചൂഷണം ചെയ്തതിന് പോക്‌സോ നിയമപ്രകാരമാണ് കേസ്. ഇയാള്‍ പലവട്ടം പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്നാണ് പൊലീസ് പറയുന്നത്. രജേഷ് വഞ്ചിച്ചതില്‍ മനം നൊന്താണ് ആത്മഹത്യയെന്നും എഫ്‌ഐആറിലുണ്ട്. ഈ മാസം 8 നാണ് പെണ്‍കുട്ടിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഈ മാസം 8 നാണ് കരുനാഗപ്പള്ളി സ്വദേശിയായ പ്ലസ് ടു വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തത്. വീട്ടില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. അറസ്റ്റിലായ രാജേഷും പെണ്‍കുട്ടിയും തമ്മില്‍ ഏറെ നാളായി പ്രണയത്തിലായിരുന്നു. ഇയാള്‍ പെണ്‍കുട്ടിയെ പലപ്പോഴും ലൈംഗികമായി ഉപയോഗിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ പിന്നീട് പെണ്‍കുട്ടി ഗര്‍ഭിണി ആണെന്ന സംശയം പ്രകടിപ്പിച്ചതോടെ ഇയാള്‍ ഒഴിവാക്കാന്‍ ശ്രമിച്ചു.
ഇതിന് ശേഷം ആശുപത്രിയില്‍ പോയ പെണ്‍കുട്ടി ഇയാളെ പലതവണ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടര്‍ന്ന് വീട്ടിലെത്തിയ പെണ്‍കുട്ടി ഫാനില്‍ കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്യുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തതിന് പോക്‌സോ നിയമപ്രകാരം രാജേഷിനെതിരെ കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു
